വാഴ്ത്തപ്പെട്ട അലോൻസോ റോഡ്രിഗസിന്റെ ദർശനം, ഫ്രാൻസിസ്കോ ദെ സുർബറാൻ വരച്ചത്
നിങ്ങൾക്കും ദൈവത്തിനുമല്ലാതെ മറ്റാർക്കും നിങ്ങളുടെ ഹൃദയം കാണാനാവില്ല. നിങ്ങളുടെ ആന്തരികജീവിതത്തിലെ ഓരോ വിശദാംശവും ദൈവം പരിപൂർണ്ണമായി അറിയുന്നു; എന്നാൽ നിങ്ങൾ അവയെ അപൂർണ്ണമായേ കാണുന്നുള്ളൂ. എങ്കിലും, നിങ്ങളുടെ ആന്തരികജീവിതത്തിന്റെ യാഥാർഥ്യത്തെക്കുറിച്ച് കൂടുതൽ കൂടുതൽ ബോധവാനാകേണ്ടത് പ്രധാനമാണ്. ദൈവകരുണ വസിക്കുന്ന, മറഞ്ഞിരിക്കുന്ന ഒരു രഹസ്യലോകമായി നിങ്ങളുടെ ആത്മാവിനെ കാണുക. നിങ്ങളുടെ ഹൃദയത്തിന്റെ അകത്തളങ്ങൾ ദൈവസ്നേഹത്തിൽ പൂർണ്ണമായി ആമഗ്നമാകാൻ അനുവദിക്കുക. വിശുദ്ധവും നിർമ്മലവുമായ ഈ ദൈവസ്നേഹം നിങ്ങളുടെ ഉള്ളിലുള്ള സകലതിനെയും നയിക്കണം. നിങ്ങളുടെ ഉള്ളിൽ നടക്കുന്നതൊന്നും മറ്റുള്ളവർ കാണുകയില്ലെങ്കിലും, നിങ്ങളുടെ ജീവിതത്തിൽനിന്ന് പുറപ്പെടുന്ന സദ്ഫലങ്ങൾ അവർ കാണും. ഈ സദ്ഫലങ്ങൾ നിങ്ങളുടെ ഉള്ളിൽ സജീവമായിരിക്കുന്ന ദൈവകരുണയുടെ ബാഹ്യസാക്ഷ്യമായിത്തീരും. ആന്തരികജീവിതം മറഞ്ഞിരിക്കുന്നതാണെങ്കിലും, ദൈവത്തിന്റെ രഹസ്യപ്രവർത്തനങ്ങൾ ദൃശ്യവും പ്രകാശമാനവുമായ വിധത്തിൽ കരുണ പുറപ്പെടുവിക്കേണ്ടതിന് അത് വെളിപ്പെടണം (കാണുക ഡയറി #1363).
നിങ്ങളുടെ ആത്മാവിനുള്ളിൽ ദൈവം നടത്തുന്ന ശക്തമായ പ്രവർത്തനത്തെക്കുറിച്ച് നിങ്ങൾ ബോധവാനാണോ? നിങ്ങളുടെ ആന്തരികജീവിതത്തിന്റെ ഈ രഹസ്യവിശുദ്ധമന്ദിരത്തിനുള്ളിൽ നിങ്ങളെ നയിക്കുകയും വഴികാട്ടുകയും ചെയ്യുന്ന അവിടുത്തെ കരുണാമയമായ കരത്തിന് നിങ്ങൾ ശ്രദ്ധ കൊടുക്കുന്നുണ്ടോ? നിങ്ങളുടെ ആന്തരികദൃഷ്ടി ദൈവത്തിന്റെ നിർമ്മലമായ സ്നേഹത്തിൽ ഉറപ്പിക്കുക; സമൃദ്ധമായ സദ്ഫലങ്ങൾ പുറപ്പെടുവിക്കാൻ ഈ നിഗൂഢസ്ഥാനത്തെ അനുവദിക്കുക. നിങ്ങളുടെ ജീവിതത്തിൽ സദ്ഫലങ്ങൾ ഉളവാകുമ്പോൾ, ലോകം അവ കാണാനും നിങ്ങളിൽനിന്ന് ഒഴുകിവരുന്ന ദൈവകരുണയാൽ പ്രചോദിതമാവാനും രൂപാന്തരപ്പെടാനും കഴിയുന്നവിധം അവ വെളിപ്പെടാൻ അനുവദിക്കുക. നിങ്ങളുടെ ആന്തരികജീവിതവും ബാഹ്യജീവിതവും തമ്മിലുള്ള ഈ നേരിട്ടുള്ള ബന്ധത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക; നിങ്ങളുടെ ഹൃദയം പ്രകാശം ചൊരിയട്ടെ.
കർത്താവേ, ജ്വലിക്കുന്ന സ്നേഹത്തോടെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയുടെ കൃപ എന്റെ ആത്മാവിനുള്ളിൽ സജീവവും ചൈതന്യപൂർണ്ണവുമാകേണ്ടതിന് എന്റെ ഹൃദയത്തെ നിരന്തരം ശുദ്ധീകരിക്കണമേ. എന്റെ ജീവിതത്തിൽ അങ്ങ് കൃപയുടെ അത്ഭുതങ്ങൾ പ്രവർത്തിക്കുമ്പോൾ, എന്റെ ബാഹ്യപ്രവൃത്തികളിൽ കരുണയുടെ സദ്ഫലം പുറപ്പെടുവിക്കണമേ. അങ്ങനെ, എന്റെ ഹൃദയത്തിൽ സജീവമായിരിക്കുന്ന നിർമ്മലസ്നേഹത്തിന് അങ്ങയുടെ പ്രവൃത്തികൾ ഒരു പരസ്യസാക്ഷ്യമായിത്തീരട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യയോടുള്ള നൊവേന – ചെറുപുഷ്പം
എട്ടാം ദിവസം- സെപ്റ്റംബർ 29
ഇന്നത്തെ തിരുനാൾ– പ്രധാനദൂതന്മാരായ വിശുദ്ധ മിഖായേൽ, ഗബ്രിയേൽ, റഫായേൽ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




