മലയാളം

ധ്യാനചിന്ത 61: സന്തോഷം എവിടെനിന്ന് വരുന്നു

കസുൻ ചമാരയുടെ ചിത്രം, Pixabayയിൽ നിന്ന്

വീഡിയോ

നിങ്ങൾ തടവറയിലായിരുന്നെങ്കിൽ സന്തോഷത്തോടെ കഴിയാൻ സാധിക്കുമായിരുന്നോ? അല്ലെങ്കിൽ ചെറുപ്പത്തിൽത്തന്നെ ഏകാന്തവാസം പാലിക്കുന്ന ഒരു ആശ്രമത്തിൽ പ്രവേശിച്ച് ജീവിതകാലം മുഴുവൻ ഏകാന്തതയിൽ കഴിയാൻ വിളിക്കപ്പെട്ടിരുന്നെങ്കിലോ? ഓരോ ദിവസവും നിങ്ങളുടെ കുടുംബത്തിന് ഭക്ഷണം നൽകാൻ കഷ്ടിച്ച് മാത്രം വകയുള്ള കടുത്ത ദാരിദ്ര്യത്തിൽ ജീവിക്കുകയായിരുന്നെങ്കിൽ നിങ്ങൾക്ക് സന്തോഷം കണ്ടെത്താൻ കഴിയുമായിരുന്നോ? ഉത്തരം “അതെ” എന്നാണ്. ജീവിതത്തിലെ ഏതു സാഹചര്യത്തിലും നിങ്ങൾക്ക് തീർച്ചയായും സന്തോഷം കണ്ടെത്താൻ കഴിയും. എങ്ങനെ? നമ്മുടെ നിയന്ത്രണത്തിന് അതീതമായ ജീവിതത്തിലെ ബാഹ്യസാഹചര്യങ്ങളെ ആശ്രയിച്ചല്ല സന്തോഷം നിലനിൽക്കുന്നത്. അത് സമ്പത്തിനെയോ ശാരീരിക സ്വാതന്ത്ര്യത്തെയോ ദൈവവിളികളെയോ പോലും ആശ്രയിച്ചല്ല നിലനിൽക്കുന്നത്. നമ്മുടെ ദൈവവിളിയോ ജീവിതസാഹചര്യങ്ങളോ എന്തുതന്നെയായാലും, നമ്മുടെ ദിവ്യനാഥനുമായി നാം ഗാഢമായി ഐക്യപ്പെട്ടിരിക്കുന്നു എന്നതിൽ മാത്രമാണ് സന്തോഷം കണ്ടെത്താനാവുക. നിങ്ങൾ ദൈവത്തെ സ്നേഹിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് ചോദ്യം (കാണുക: ഡയറി #201).

നമ്മുടെ ദിവ്യനാഥനുമായുള്ള നിങ്ങളുടെ ആന്തരികബന്ധത്തെക്കുറിച്ച് ചിന്തിക്കുക. യഥാർഥവും വ്യക്തിപരവുമായ രീതിയിൽ നിങ്ങൾ അവിടുത്തെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ടോ? ദിവസവും അവിടുത്തോട് സംസാരിക്കുകയും അവിടുത്തെ സാന്നിധ്യത്തിൽ നിങ്ങളുടെ ദിവസം ചെലവഴിക്കുകയും ചെയ്യുന്നുണ്ടോ? നിങ്ങളുടെ പ്രാർഥനാജീവിതം സജീവവും വളർച്ചയുള്ളതുമാണോ? തീക്ഷ്ണമായ സ്നേഹത്താൽ നിങ്ങളുടെ ഹൃദയം നിറഞ്ഞുകവിയുന്നുണ്ടോ? ദൈവം നിങ്ങളെ പരിപൂർണമായി സ്നേഹിക്കുന്നു. അവിടുത്തെ തിരികെ സ്നേഹിക്കുക; അപ്പോൾ നിങ്ങളുടെ ജീവിതത്തിലെ സന്തോഷത്തിന്റെ ഉറവിടം നിങ്ങൾ കണ്ടെത്തും.

എന്റെ പ്രിയനാഥാ, തീക്ഷ്ണമായ സ്നേഹത്തോടെ അങ്ങയെ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ. ഏറ്റവും ഗാഢവും വ്യക്തിപരവുമായ രീതിയിൽ അങ്ങയെ അറിയാൻ എന്നെ സഹായിക്കണമേ. എന്റെ സന്തോഷം അങ്ങയോടുള്ള എന്റെ സ്നേഹത്തെ മാത്രം ആശ്രയിച്ചിരിക്കുന്നുവെന്ന് എനിക്കറിയാം. എല്ലാ കാര്യങ്ങളിലും ഞാൻ അങ്ങയോട് ഒന്നായിരിക്കേണ്ടതിന് എന്റെ ഹൃദയത്തിലെ ആ സ്നേഹം അനുദിനം വർധിക്കുമാറാകട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

പതിനൊന്നാം ദിവസത്തെ ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിവസങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിവസങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ