മലയാളം

വിചിന്തനം 167: കർത്താവിനെ അത്യധികമായി ആഗ്രഹിക്കുക

 സഭയുടെ നിധികൾ വിതരണം ചെയ്യുന്ന വിശുദ്ധ ലോറൻസ് — ബെർണാർദോ സ്ട്രോത്സിയുടെ ചിത്രം

വീഡിയോ

നിങ്ങൾ പ്രാർഥിക്കുമ്പോൾ, ദീർഘനേരം തീക്ഷ്ണമായി പ്രാർഥിക്കുമ്പോൾ, കർത്താവ് നിങ്ങളുടെ ഉള്ളിലേക്ക് കടന്നുവരും.  അവിടുന്ന് നിങ്ങളുമായി ആത്മബന്ധത്തിലേർപ്പെടുകയും തന്റെ ഹൃദയത്തെ നിങ്ങളുടെ ഹൃദയത്തോട് ഒന്നിപ്പിക്കുകയും ചെയ്യും.  ഇതിന്റെ ഫലങ്ങൾ പലവിധത്തിൽ നിങ്ങൾ അനുഭവിക്കും.  സാധാരണയായി അനുഭവപ്പെടുന്ന ഒരു ഫലം ഇതാണ്: ക്രിസ്തുവുമായുള്ള ഐക്യത്തിലേക്ക് നിങ്ങൾ എത്രയധികം അടുപ്പിക്കപ്പെടുന്നുവോ, അത്രയധികം ഈ ഐക്യം നിങ്ങൾ ആഗ്രഹിക്കും.  ഈ ഐക്യം നിങ്ങൾ എത്രയധികം ആഗ്രഹിക്കുന്നുവോ, അത്രയധികം അതിലേക്ക് നിങ്ങൾ അടുപ്പിക്കപ്പെടും.  നിങ്ങളുടെ പ്രാർഥന നിങ്ങളുടെ ഐക്യത്തെയും ആഗ്രഹത്തെയും ഇങ്ങനെ ചാക്രികമായി സ്വാധീനിക്കുന്നു.  ജീവിതത്തിൽ കൂടുതൽ വിശുദ്ധിയിലേക്ക് നിങ്ങളെ അടുപ്പിക്കാൻ നിങ്ങളുടെ ആഗ്രഹങ്ങളെ ഉപയോഗിക്കാൻ നമ്മുടെ കർത്താവിനെ അനുവദിക്കേണ്ടതിന്, ഇത് അറിഞ്ഞിരിക്കുന്നത് നല്ലതാണ് (കാണുക ഡയറി #867).

ജീവിതത്തിൽ നിങ്ങൾ ഏറ്റവും അധികം ആഗ്രഹിക്കുന്നത് എന്താണ്?  നിങ്ങൾ അന്വേഷിക്കുന്ന നിധി എന്താണ്?  സത്യസന്ധമായും ആത്മാർഥമായും നടത്തേണ്ട ഒരു പ്രധാന വിചിന്തനമാണിത്.  “നിങ്ങളുടെ നിധി എവിടെയാണോ, അവിടെ നിങ്ങളുടെ ഹൃദയവും ആയിരിക്കും” (Mt. 6:21).  ജീവിതത്തിൽ കർത്താവാണ് നിങ്ങളുടെ ഏറ്റവും വലിയ നിധിയെങ്കിൽ, നിങ്ങളുടെ ഹൃദയം ശക്തമായി അവിടുത്തിലേക്ക് ആകർഷിക്കപ്പെടും.  അവിടുത്തോടുള്ള ഉറ്റബന്ധം നിങ്ങൾ ആഗ്രഹിക്കും; ആ ആഗ്രഹം നിങ്ങളെ അവിടുത്തോട് അടുപ്പിക്കും.  നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നതെന്ന് സത്യസന്ധമായി വിചിന്തനം ചെയ്യുക. അതിലൂടെ ലഭിക്കുന്ന ഉൾക്കാഴ്ച നിങ്ങളുടെ മുൻഗണനകളെ പുനഃക്രമീകരിക്കാൻ അനുവദിക്കുക.

കർത്താവേ, അങ്ങയെ എന്റെ ജീവിതത്തിന്റെ കേന്ദ്രമായ നിധിയാക്കാനും പൂർണഹൃദയത്തോടെ അങ്ങയെ അന്വേഷിക്കാനും ആഗ്രഹിക്കാനും എന്നെ സഹായിക്കണമേ.  ഞാൻ അങ്ങയിലേക്ക് അടുപ്പിക്കപ്പെടുമ്പോൾ എന്റെ ആഗ്രഹം വർധിപ്പിക്കണമേ; അങ്ങ് എന്റെ ആഗ്രഹം വർധിപ്പിക്കുമ്പോൾ എന്നെ കൂടുതൽ അടുപ്പിക്കണമേ.  കർത്താവേ, അങ്ങയെയും അങ്ങയുടെ തിരുഹിതത്തെയും സേവിക്കാനുള്ള അഭിവാഞ്ഛയിൽ എന്റെ ജീവിതത്തിന്റെ എല്ലാ തലങ്ങളും ഒടുവിൽ പൂർണമായി ലയിച്ചുചേരാൻ ഇടയാകണമേ എന്നു ഞാൻ പ്രാർഥിക്കുന്നു.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ