ലിയോ മാർപാപ്പയും ഹൂണനായ ആറ്റിലയും രചന: നിക്ക് തോംസൺ, അനുമതി CC BY-NC-SA 2.0
വീഡിയോ
നിങ്ങൾ സർവശക്തനായിരിക്കുന്നതായോ, സർവശക്തനായ ഒരാളുടെ ഉറ്റസുഹൃത്തായിരിക്കുന്നതായോ സങ്കൽപ്പിക്കുക. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധ ലിയോ ഒന്നാമൻ മാർപാപ്പയെക്കുറിച്ച് ദൈവത്തിന്റെ ശക്തി വെളിപ്പെടുത്തുന്ന ഒരു കഥയുണ്ട്. ഹൂണനായ ആറ്റിലയും അദ്ദേഹത്തിന്റെ അക്രമാസക്തമായ സൈന്യവും റോം കൊള്ളയടിക്കാൻ ശ്രമിച്ചുവെന്ന് പറയപ്പെടുന്നു. വിശുദ്ധ ലിയോ മാർപാപ്പ ആറ്റിലയെ കണ്ടുമുട്ടുകയും മടങ്ങിപ്പോകാൻ അദ്ദേഹത്തെ “പ്രേരിപ്പിക്കുകയും” ചെയ്തു. പിന്നീട്, എന്തുകൊണ്ടാണ് മടങ്ങിപ്പോയതെന്ന് ആറ്റിലയുടെ സൈന്യം ചോദിച്ചപ്പോൾ, മാർപാപ്പയുടെ അരികിൽ വൈദികവേഷത്തിൽ നിന്നിരുന്ന ഒരു രൂപം തന്നെ ഭയപ്പെടുത്തിയെന്ന് ആറ്റില പറഞ്ഞു. ഉറയിൽനിന്ന് ഊരിയ വാൾ കൈയിൽ പിടിച്ചിരുന്ന ആ രൂപം, ആറ്റില മുന്നോട്ടു നീങ്ങിയാൽ അദ്ദേഹത്തെ വെട്ടിക്കൊല്ലുമെന്ന ഭാവത്തിൽ നിന്നു. ഭയന്നുപോയ ആറ്റില പിന്തിരിഞ്ഞ് മടങ്ങിപ്പോയി.
എല്ലാ ദുഷ്ടതകളിൽനിന്നും നമ്മെ കാത്തുരക്ഷിക്കാനുള്ള ദൈവത്തിന്റെ ശക്തി ഈ ചെറുകഥ വെളിപ്പെടുത്തുന്നു. ഒരു മാലാഖ നിങ്ങളുടെ അരികിൽ ദൃശ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ടില്ലെങ്കിലും, നിങ്ങൾ ദൈവകരുണയിൽ മുഴുകിയിരിക്കുന്നെങ്കിൽ ഒന്നിനെയും ഭയപ്പെടേണ്ടതില്ലെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം. സ്വർഗത്തിലെ സകല ശക്തികളും നിങ്ങളുടെ പക്ഷത്തുണ്ടാകും. എല്ലാ തിന്മകളിൽനിന്നും കർത്താവ് നിങ്ങളെ കാത്തുരക്ഷിക്കുകയും അവിടുത്തേക്ക് മഹത്വം നൽകുന്ന സകലതും നിർവഹിക്കാൻ നിങ്ങൾക്ക് ശക്തി നൽകുകയും ചെയ്യും (കാണുക: ഡയറി #858).
ഇന്ന് രണ്ടു കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കുക: 1) ക്രിസ്തുവുമായുള്ള നിങ്ങളുടെ ഐക്യം; 2) ആ ഐക്യത്തിൽനിന്ന് ഒഴുകിവരുന്ന ശക്തി. എല്ലാ തിന്മകളിൽനിന്നും കർത്താവ് നിങ്ങളെ സംരക്ഷിക്കുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? നിങ്ങൾക്ക് വിശ്വാസമുണ്ടായിരിക്കുകയും ദൈവകരുണയാൽ ആവരണം ചെയ്യപ്പെട്ടിരിക്കുകയും ചെയ്യുമ്പോൾ ഭയം നിഷ്ഫലമാണെന്ന് നിങ്ങൾ തിരിച്ചറിയുന്നുണ്ടോ? ഈ സത്യത്തെക്കുറിച്ച് ധ്യാനിക്കുകയും നിങ്ങളുടെ ജീവിതത്തിലെ ഏക സേനാനായകനാകേണ്ട കർത്താവിന് നിങ്ങളെത്തന്നെ കൂടുതൽ പൂർണമായി സമർപ്പിക്കുകയും ചെയ്യുക.
എന്റെ കർത്താവും എന്റെ ഏക സേനാനായകനുമായ അങ്ങയിൽ എന്റെ ജീവിതം ഭരമേൽപ്പിച്ച് ഞാൻ വിശ്വസിക്കുന്നു. എന്നെ മുഴുവനായും, പ്രത്യേകിച്ച് ഭയപ്പെടാൻ എന്നെ പ്രേരിപ്പിക്കുന്ന സകല കാര്യങ്ങളും, ഞാൻ അങ്ങയെ ഏൽപ്പിക്കുന്നു. അങ്ങയുടെ ദൈവിക കരുണയിൽ എനിക്ക് ഉറച്ച വിശ്വാസം നൽകണമേ; യാതൊരു മടിയും കൂടാതെ എല്ലാ കാര്യങ്ങളിലും അങ്ങയെ ആശ്രയിക്കാൻ എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു.
ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




