മലയാളം

വിചിന്തനം 178: സ്വന്തം പരിശ്രമംകൊണ്ടുമാത്രം ഒരിക്കലും വിശുദ്ധി കൈവരിക്കാനാവില്ല

വിശുദ്ധ മർക്കോസിന്റെ സാന്നിധ്യത്തിൽ പ്രസംഗിക്കുന്ന വിശുദ്ധ പത്രോസ്, ഫ്രാ ആഞ്ചെലിക്കോയുടെ രചന

വീഡിയോ

വിശുദ്ധമായ ഒരു ജീവിതം നയിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ, സ്വന്തം പരിശ്രമംകൊണ്ടുമാത്രം നിങ്ങൾക്ക് അതു സാധിക്കുകയില്ല. മറ്റൊരാളുടെ, ഒരുപക്ഷേ പലരുടെയുംതന്നെ സഹായം നിങ്ങൾക്കാവശ്യമാണ്. മറ്റുള്ളവരുടെ സ്നേഹപൂർവമായ കരങ്ങളാൽ നയിക്കപ്പെടാൻ കർത്താവ് നമുക്ക് അനേകം വഴികൾ നൽകിയിട്ടുണ്ട്. ക്രിസ്തുവിന്റെ മനസ്സിനും ഹൃദയത്തിനും അനുസൃതമായി തങ്ങളെ നയിക്കുന്ന ഒരു ആത്മീയ മാർഗദർശകന്റെ സഹായം ദീർഘകാലമായി ലഭിക്കുന്ന അനുഗ്രഹം ചിലർക്കുണ്ട്. എന്നാൽ, ക്രിസ്തു തന്റെ സഭയിലൂടെ നൽകുന്ന പൊതുവായ മാർഗനിർദേശത്തെ ആശ്രയിക്കാനാണ് ഭൂരിഭാഗം പേരും വിളിക്കപ്പെട്ടിരിക്കുന്നത്. പതിവായി നമ്മുടെ പാപങ്ങൾ ഏറ്റുപറഞ്ഞു കുമ്പസാരിക്കാൻ ഒരു വൈദികനെ കണ്ടെത്തുമ്പോൾ നാം ഇതു ചെയ്യുന്നു. വിശുദ്ധരുടെ ജീവിതങ്ങൾ പഠിക്കുകയും അവരുടെ ജ്ഞാനത്തിൽനിന്നു പഠിക്കുകയും ചെയ്യുമ്പോൾ നാം ഇതു ചെയ്യുന്നു. നമ്മുടെ കർത്താവ് നമ്മോടു പറയാൻ ആഗ്രഹിക്കുന്ന വചനങ്ങൾ ഉള്ളിൽ സ്വീകരിക്കാൻ ആഗ്രഹിച്ചുകൊണ്ട് വിശുദ്ധ കുർബാനയിൽ ശ്രദ്ധയോടെ ശ്രവിക്കുമ്പോൾ നാം ഇതു ചെയ്യുന്നു. യഥാർഥ വിശുദ്ധിയുള്ള വ്യക്തികൾക്ക് നമ്മുടെ ആത്മാവിനെ അറിയാനും അങ്ങനെ വിനയപൂർവമായ ഉപദേശം നൽകാനും നാം അവസരം നൽകുമ്പോഴും നാം ഇതു ചെയ്യുന്നു (കാണുക ഡയറി #938).

നിങ്ങളുടെ ആത്മാവിനെ നയിക്കാൻ കർത്താവിനെ നിങ്ങൾ എങ്ങനെയാണ് അനുവദിക്കുന്നത്? കുമ്പസാരത്തിൽ അവിടുന്ന് നിങ്ങളോടു സംസാരിക്കുന്നത് നിങ്ങൾ കേൾക്കുന്നുണ്ടോ? വിശുദ്ധ കുർബാനയിലും വിശുദ്ധരുടെ ജ്ഞാനത്തിലൂടെയും സഭയുടെ പ്രബോധനങ്ങളിലൂടെയും അവിടുന്ന് അരുളിച്ചെയ്യുന്നത് നിങ്ങൾ ശ്രദ്ധയോടെ കേൾക്കുന്നുണ്ടോ? നിങ്ങളുടെ യാത്രയിൽ നിങ്ങളെ സഹായിക്കാൻ ദൈവം നിങ്ങളുടെ ജീവിതത്തിൽ നൽകിയിരിക്കുന്ന വ്യക്തികളെ നിങ്ങൾ തേടുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ വിശുദ്ധിയിലേക്കു നയിക്കാൻ മറ്റുള്ളവരെ ഉപയോഗിക്കാൻ ദൈവം ആഗ്രഹിക്കുന്ന വഴികളെക്കുറിച്ച് ഇന്ന് ചിന്തിക്കുക. ഈ ദാനം അവിടുത്തെ സമൃദ്ധമായ കരുണയുടെ പ്രവൃത്തിയായി സ്വീകരിക്കുക.

കർത്താവേ, അങ്ങ്, അങ്ങ് മാത്രമാണ് എന്റെ മാർഗദർശകനും വഴികാട്ടിയും. എങ്കിലും, മറ്റുള്ളവരുടെ മധ്യസ്ഥതയിലൂടെ എന്നെ നയിക്കാനാണ് അങ്ങ് തിരുമനസ്സാകുന്നത്. ജീവിതയാത്രയിൽ അങ്ങ് എനിക്കു നൽകുന്ന അനേകം സഹായങ്ങൾ സ്വീകരിക്കാൻ എന്നെത്തന്നെ എളിമപ്പെടുത്തുവാൻ ഞാൻ എപ്പോഴും സന്നദ്ധനായിരിക്കട്ടെ. അങ്ങയുടെ കരുണയുടെയും കൃപയുടെയും ഈ ഉപകരണങ്ങളിൽനിന്ന് ഞാൻ ഒരിക്കലും പിന്തിരിയാതിരിക്കണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ജൂൺ 27 – അലക്സാണ്ട്രിയായിലെ വിശുദ്ധ സിറിൽ, മെത്രാനും വേദപാരംഗതനും

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ