മലയാളം

വിചിന്തനം 206: ആത്മീയമായ പൂഴ്ത്തിവെപ്പ്

ധനവാന്റെയും ലാസറിന്റെയും ഉപമ, യാൻ സ്റ്റീൻ വരച്ചത്

വീഡിയോ

ആത്മീയജീവിതത്തിലെ യഥാർഥമായ ഒരു അപകടത്തെ “ആത്മീയമായ പൂഴ്ത്തിവെപ്പ്” എന്നു വിളിക്കാം.  ദൈവകരുണയുടെ അന്തിമലക്ഷ്യമായി സ്വയം പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്ന വ്യക്തിയിലാണ് ഇതു കാണപ്പെടുന്നത്; ദൈവകരുണയുടെ ഉപകരണമായി മാറാനല്ല ആ വ്യക്തി ശ്രമിക്കുന്നത്.  ദൈവകരുണയുടെ അന്തിമലക്ഷ്യമാകാൻ ശ്രമിക്കുന്നതിലൂടെ, ഒരാൾ ആത്മീയമായി അത്യാഗ്രഹിയായിത്തീരുകയും സ്വന്തം ലക്ഷ്യങ്ങൾക്കായി ആത്മീയകാര്യങ്ങൾ തേടുകയും ചെയ്യുന്നു.  ഇത് അഹങ്കാരത്തിന്റെ ഒരു രൂപമാണ്.  വിശുദ്ധരായി “കാണപ്പെടാൻ” ശ്രമിക്കുന്ന ഒരു പ്രവൃത്തിയായി പ്രാർഥന മാറുന്നു.  മറ്റുള്ളവർ കാണാനായി സത്പ്രവൃത്തികൾ ചെയ്യുന്നു.  ജ്ഞാനവും പാണ്ഡിത്യവുമുള്ളവരെന്ന പ്രതീതി സൃഷ്ടിക്കാൻ അനേകം ആത്മീയഗ്രന്ഥങ്ങൾ ശേഖരിക്കാനും ഒരാൾ ശ്രമിച്ചേക്കാം.  എന്നാൽ ദൈവകരുണയുടെ അനിവാര്യമായ ഒരു ലക്ഷ്യം “ആത്മീയമായ പൂഴ്ത്തിവെപ്പ്” അല്ല; മറിച്ച്, “ആത്മീയമായ ഔദാര്യം” ആണ്.  യഥാർഥ കരുണ നമ്മുടെ ജീവിതത്തിലേക്ക് ഒഴുകിയെത്തണമെങ്കിൽ, നാം അത് മറ്റുള്ളവർക്ക് പകർന്നുകൊടുക്കണം.  ദൈവം നമുക്കു നൽകുന്ന എല്ലാറ്റിനെയും മറ്റുള്ളവർക്കു വിതരണം ചെയ്യാനായി നൽകപ്പെട്ട ദാനമായി നാം കാണണം.  അതിനാൽ, ദൈവം നിങ്ങൾക്ക് ഒരു പ്രത്യേക കൃപ നൽകുമ്പോൾ, മറ്റൊരാളുടെ വളർച്ചയ്ക്കായി ഈ ദാനം എങ്ങനെ ഉപയോഗിക്കാം എന്നതായിരിക്കണം ആദ്യം മനസ്സിൽ വരേണ്ടത്.  ദൈവകരുണ മറ്റുള്ളവർക്കു പകർന്നുകൊടുക്കുന്നതിലൂടെ നാം കൂടുതൽ കൂടുതൽ സമ്പന്നരായിത്തീരുന്നു; ആത്മീയമായ ഔദാര്യത്തിന്റെ ഈ പ്രവൃത്തി നമ്മുടെ സ്വന്തം ജീവിതത്തിൽ ദൈവകരുണയെ നിരന്തരം വർധിപ്പിക്കുന്നുവെന്നും നാം കണ്ടെത്തുന്നു (കാണുക: ഡയറി #1069).

നിങ്ങൾ വിശുദ്ധി തേടുന്നുണ്ടോ?  ഉണ്ടെങ്കിൽ, എന്തിനുവേണ്ടി?  എന്താണ് നിങ്ങളുടെ പ്രേരണ?  മറ്റുള്ളവരുടെ മുമ്പിൽ നല്ലവരായി കാണപ്പെടാനാണോ?  അതോ ആവശ്യത്തിലിരിക്കുന്നവർക്ക് ദൈവത്തിന്റെ നന്മ പകർന്നുകൊടുത്തുകൊണ്ട് യഥാർഥത്തിൽ നല്ലവരായിത്തീരാനാണോ?  നിങ്ങളുടെ ജീവിതത്തിൽ ദൈവകരുണയുടെ അന്തിമഫലം എന്താണെന്ന് ധ്യാനിക്കുക.  ദൈവം നിങ്ങൾക്കു നൽകുന്ന സകലത്തിന്റെയും അന്തിമലക്ഷ്യം അവിടുത്തെ കരുണ മറ്റുള്ളവർക്ക് ഉദാരമായി പകർന്നുകൊടുക്കുന്നതാണെന്ന് ഉറപ്പുവരുത്താനുള്ള വഴികൾ തേടുക.  ഇതിലൂടെ നിങ്ങളും സമൃദ്ധമായി അനുഗ്രഹിക്കപ്പെടും.

അനന്തകരുണയുടെ നാഥാ, അങ്ങയുടെ കൃപ എത്രയധികം പകർന്നുകൊടുക്കുന്നുവോ അത്രയധികം വർധിക്കുന്നുവെന്ന് മനസ്സിലാക്കാൻ എന്നെ സഹായിക്കണമേ.  അങ്ങയുടെ കരുണയുടെ വിശുദ്ധമായ ഒരു ഉപകരണമായിരിക്കാൻ എപ്പോഴും എന്നെ സഹായിക്കണമേ; ഔദാര്യത്തിന്റെ ഈ പ്രവൃത്തിയിലൂടെ അങ്ങയുടെ ഉദാരഹൃദയത്തിന്റെ സമൃദ്ധി സ്വീകരിക്കാനും എന്നെ സഹായിക്കണമേ.  ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ജൂലൈ 25 – വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുനാൾ

 

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ