മലയാളം

ധ്യാനചിന്ത 197: എനിക്ക് ദാഹിക്കുന്നു

കാൽവരി, പൗ വെർഗോസ് രചിച്ചത്

വീഡിയോ

“എനിക്ക് ദാഹിക്കുന്നു.” ലളിതമായ ഈ രണ്ടു വാക്കുകൾക്ക് എത്രയോ ആഴമായ അർത്ഥമുണ്ട്. നമ്മുടെ കർത്താവ് കുരിശിൽനിന്നാണ് അവ അരുളിച്ചെയ്തത്. അവിടുത്തെ ദാഹം ശമിപ്പിക്കാനായി വീഞ്ഞിൽനിന്നുള്ള വിനാഗിരിയിൽ മുക്കിയ ഒരു സ്പോഞ്ച് നൽകിക്കൊണ്ട് ഒരു പടയാളി അൽപ്പം ആശ്വാസം പകരാൻ ശ്രമിച്ചു. വിനാഗിരിയായി മാറിയ വീഞ്ഞ്, പാപത്താൽ പുളിച്ചുപോയ ആത്മാവിന്റെ പ്രതീകമാണ്. ഈ പുളിച്ച വീഞ്ഞ് സ്വീകരിച്ചശേഷം യേശു, “എല്ലാം പൂർത്തിയായി!” എന്നു വിളിച്ചുപറഞ്ഞു. തുടർന്ന് അവിടുന്ന് മരിച്ചു. യേശു എന്തിനുവേണ്ടിയാണ് ദാഹിക്കുന്നത്? പാപിയായ നിങ്ങൾക്കുവേണ്ടിയാണ് അവിടുന്ന് ദാഹിക്കുന്നത്. നിങ്ങളുടെ പാപങ്ങളും അവ നിങ്ങളുടെ ആത്മാവിൽ വരുത്തിയ ഫലങ്ങളും നിമിത്തം അവിടുന്ന് നിങ്ങളിൽനിന്ന് മുഖം തിരിക്കുന്നില്ല; അതെല്ലാം ഉണ്ടായിരുന്നിട്ടും അവിടുന്ന് നിങ്ങൾക്കുവേണ്ടി ദാഹിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനായി അവിടുന്ന് ദാഹിക്കുന്നു. നിങ്ങളുടെ പാപങ്ങൾക്കിടയിലും, നിങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽത്തന്നെ അവിടുത്തെ സ്നേഹിച്ചുകൊണ്ട് അവിടുത്തെ ദാഹം ശമിപ്പിക്കണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. നിങ്ങളുടെ പാപങ്ങളുടെ ഫലമായി ആത്മാവിലുണ്ടായ മാലിന്യത്തിലേക്ക് ശ്രദ്ധിക്കേണ്ടതില്ല. വീണുപോയ അവസ്ഥയിൽ നിങ്ങൾ തന്റെ അടുക്കൽ വരുന്നതിൽ താൻ സംതൃപ്തനാണെന്നു സൂചിപ്പിക്കുമാറ്, വിനാഗിരിയായി മാറിയ വീഞ്ഞുകൊണ്ട് നമ്മുടെ കർത്താവ് തൃപ്തനായി (കാണുക ഡയറി #1032).

ക്രൂശീകരണത്തിന്റെ ദൃശ്യത്തെക്കുറിച്ച് ധ്യാനിക്കുക. തകർന്നവനും പീഡിതനുമായി അവിടെ തൂങ്ങിക്കിടക്കുന്ന യേശുവിനെക്കുറിച്ച് ചിന്തിക്കുക. അങ്ങേയറ്റം അപമാനിതനായ ഈ അവസ്ഥയിൽ, തന്റെ സഹനത്തിൽ ആശ്വാസമേകാൻ യേശു നിങ്ങളെ വിളിക്കുന്നു. അവിടുന്ന് നിങ്ങളുടെ സ്നേഹം തേടുന്നു. നിങ്ങൾ അത് അവിടുത്തേക്കു നൽകുമോ? എല്ലാം പൂർത്തിയായി എന്ന് വിളിച്ചുപറയാൻ അവിടുത്തേക്കു കഴിയുമാറ് നിങ്ങളെത്തന്നെ അവിടുത്തേക്കു സമർപ്പിക്കാമോ? നിങ്ങൾ അവിടുത്തെ സ്നേഹിക്കുകയും നിങ്ങളുടെ ജീവിതം അവിടുത്തേക്കു നൽകുകയും ചെയ്യുമ്പോഴാണ് എല്ലാം പൂർത്തിയാകുന്നത്. ഇന്ന് പ്രാർത്ഥനയിൽ നമ്മുടെ കർത്താവിന്റെ അടുക്കൽ ചെന്ന്, നിങ്ങൾ അവിടുത്തെ സ്നേഹിക്കുന്നുവെന്നും ഈ ജീവിതത്തിലും തുടർന്ന് നിത്യതയിലും അവിടുത്തോടൊത്തു കഴിയാൻ ആഗ്രഹിക്കുന്നുവെന്നും പറയുക. ആ പ്രവൃത്തിയിലൂടെ നിങ്ങൾ അവിടുത്തെ ദാഹം ശമിപ്പിക്കും.

കർത്താവേ, അങ്ങയുടെ സ്വന്തം സഹനത്തിനും വേദനയ്ക്കുമിടയിൽ എനിക്കുവേണ്ടി ദാഹിക്കുന്നതിന് ഞാൻ അങ്ങേക്കു നന്ദി പറയുന്നു. കുരിശിൽ തൂങ്ങിക്കിടന്നപ്പോൾ അങ്ങയുടെ ജീവൻ എനിക്കായി ഒന്നും മാറ്റിവയ്ക്കാതെ നൽകിയതിന് നന്ദി. ദാഹിക്കുന്ന എന്റെ ആത്മാവിനെ ഒടുവിൽ തൃപ്തിപ്പെടുത്താൻ കഴിയുന്നത് അങ്ങയുടെ സ്നേഹത്തിനു മാത്രമാണ്. അങ്ങയുടെ ദാഹം ശമിപ്പിക്കാനായി എനിക്കുള്ളതെല്ലാം അങ്ങേക്കു സമർപ്പിക്കാൻ, എന്റെ തകർച്ചയിലും പാപത്തിലും അങ്ങയുടെ അടുക്കൽ വരുവാൻ എനിക്കാവശ്യമായ കൃപ നൽകണമേ. പ്രിയ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; അങ്ങയെ കൂടുതൽ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ജൂലൈ 16 – കർമ്മലമലയിലെ പരിശുദ്ധ മാതാവ്—ഐച്ഛിക അനുസ്മരണം

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ