മലയാളം

വിചിന്തനം 188: കർത്താവിന്റെ ആവശ്യങ്ങൾ

നല്ല സമരിയാക്കാരന്റെ ഉപമ, ബർലിസൺ & ഗ്രിൽസിന്റെ സൃഷ്ടി

വീഡിയോ

കർത്താവ് നിങ്ങളോട് എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെട്ടാൽ, നിങ്ങൾക്ക് മറ്റൊരു മാർഗമുണ്ടോ? “ഇല്ല” എന്നു പറയാൻ നിങ്ങൾക്കു കഴിയുമെന്ന അർത്ഥത്തിൽ അതുണ്ട്. എന്നാൽ അത് പാപമാണ്. പക്ഷേ, ക്രിസ്തുവിനെ അനുഗമിക്കാൻ നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ലക്ഷ്യം സ്വർഗമാണെങ്കിൽ, കർത്താവ് നമ്മോട് ആവശ്യപ്പെടുന്നതെല്ലാം ചെയ്യാൻ നാം കടപ്പെട്ടവരാണെന്നു പറയുന്നതാണ് ഉചിതം. അവിടുത്തെ ആവശ്യങ്ങൾ സ്നേഹത്തിന്റെ ഉറച്ചതും അചഞ്ചലവുമായ കല്പനകളാണ്. അവിടുന്ന് വഴങ്ങുകയില്ല. അവിടുന്ന് മാറുകയില്ല. നാം ദുശ്ശാഠ്യമുള്ളവരും അവിടുത്തെ കീഴിൽ സമർപ്പിക്കാൻ മനസ്സില്ലാത്തവരുമാണെങ്കിൽ മാത്രമേ ഇത് സ്വീകരിക്കാൻ പ്രയാസമുണ്ടാകൂ. എന്നാൽ മുകളിൽ വിവരിച്ചതുപോലെ അവിടുത്തെ തിരുഹിതത്തിന്റെ സ്വഭാവം നാം മനസ്സിലാക്കുന്നുവെങ്കിൽ, സ്നേഹത്തിന്റെ കല്പനകളുമായി അവിടുത്തെ സുവ്യക്തമായ സ്വരം നമ്മോടു സംസാരിക്കുന്നതു കേൾക്കുമ്പോൾ നാം അതിയായി ആനന്ദിക്കണം. നമ്മുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും എല്ലാ ആവശ്യങ്ങൾക്കുമുള്ള പരിപൂർണ്ണ ഉത്തരമായി അവിടുത്തെ തിരുഹിതത്തെയും നിയമത്തെയും നാം കാണണം. കർത്താവിന്റെ ആവശ്യങ്ങൾക്കു നാം വഴങ്ങിയേ മതിയാകൂ. നാമെല്ലാവരും അവിടുത്തെ സമൃദ്ധമായ കരുണയിലേക്ക് പ്രവേശിക്കുകയും അത് പകർന്നുനൽകുകയും ചെയ്യണമെന്ന അവിടുത്തെ ആഗ്രഹം ആ ആവശ്യങ്ങളിലൊന്നാണ് (കാണുക ഡയറി #998).

അവിടുത്തെ കരുണ പകർന്നുനൽകണമെന്ന നമ്മുടെ കർത്താവിന്റെ ആവശ്യം ധ്യാനിക്കുക. അങ്ങനെ ചെയ്യാൻ അവിടുന്ന് നിങ്ങളെ ക്ഷണിക്കുക മാത്രമല്ല ചെയ്യുന്നത്; അത് അവിടുത്തെ അചഞ്ചലവും മാറ്റാനാവാത്തതുമായ പരിപൂർണ്ണ തിരുഹിതമാണ്. അവിടുന്ന് ഒരിക്കലും തന്റെ മനസ്സ് മാറ്റുകയില്ല. നിങ്ങൾക്ക് ഒരേയൊരു മാർഗമേയുള്ളൂ. നിങ്ങളുടെ ജീവിതത്തിൽ അവിടുത്തെ തിരുഹിതം തിരഞ്ഞെടുക്കുന്നുവെങ്കിൽ, അവിടുത്തെ ദൈവകരുണയുടെ പ്രേഷിതനാകാൻ നിങ്ങൾ സമ്മതിച്ചേ മതിയാകൂ. ഈ വിളി സ്വീകരിക്കാൻ നിങ്ങൾ തയ്യാറാണോ? “അതെ” എന്നു പറയാൻ നിങ്ങൾ തയ്യാറാണോ? ഇന്ന് ഈ ചോദ്യം മനസ്സിൽ ധ്യാനിച്ച്, ദൈവത്തിന്റെ പരിപൂർണ്ണ തിരുഹിതത്തിന്റെ നിശ്ചയദാർഢ്യം പ്രതിഫലിപ്പിക്കുന്ന ഒരു തീരുമാനം എടുക്കുക. നമ്മുടെ കർത്താവിനോട് “അതെ” എന്നു പറയുക; അതിൽ നിങ്ങൾക്ക് ഖേദിക്കേണ്ടിവരില്ല.

കർത്താവേ, അങ്ങയുടെ തിരുഹിതം പരിപൂർണ്ണവും എന്റെ ആത്മാവിന്റെ ആനന്ദവുമാണ്. ലോകത്തിൽ അങ്ങയുടെ ദൈവകരുണയുടെ ഉപകരണമാകാൻ എന്നെ ക്ഷണിക്കുകയും അതിന് എന്നെ കടപ്പെടുത്തുകയും ചെയ്യുന്നതിനായി ഞാൻ അങ്ങയോടു നന്ദി പറയുന്നു. തീക്ഷ്ണതയോടും സ്നേഹത്തോടും ഭക്തിയോടുംകൂടി ഈ വിളി സ്വീകരിക്കാൻ എനിക്കു കഴിയുമാറാകട്ടെ. പ്രിയ കർത്താവേ, അങ്ങയുടെ തിരുഹിതമനുസരിച്ച് എന്നെ ഉപയോഗിക്കണമേ. അങ്ങയെ സേവിക്കാനുള്ള അവിശ്വസനീയമായ ബഹുമതിക്കായി ഞാൻ അങ്ങയോടു നന്ദി പറയുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ