ചിത്രത്തിന്റെ ഉറവിടം: Adobe Stock
വീഡിയോ – ഓസ്ട്രേലിയയിലെ സിഡ്നിയിൽ നിന്നുള്ള അലക്സ് പ്രോയിമോസ്, CC BY 2.0, Wikimedia Commons മുഖേന
വീഡിയോ
“എന്റെ സഹോദരന്മാരിൽ ഏറ്റവും ചെറിയവന് നിങ്ങൾ ചെയ്യുന്നതെന്തും എനിക്കുതന്നെയാണ് ചെയ്യുന്നത്” (മത്തായി 25:40) എന്ന സുവിശേഷഭാഗം നമുക്ക് ഏറെ പരിചിതമാണ്. എന്നാൽ നിങ്ങൾ ഇത് വിശ്വസിക്കുന്നുണ്ടോ? വിശ്വസിക്കുന്നെങ്കിൽ, ഈശോയെ സ്നേഹിക്കുക എളുപ്പമാണെന്നും ദിവസം മുഴുവൻ, മറ്റൊരാളെ കണ്ടുമുട്ടുമ്പോഴെല്ലാം, അതിനുള്ള അവസരം നിങ്ങൾക്കുണ്ടെന്നും നിങ്ങൾ കണ്ടെത്തും. സ്നേഹപൂർവമായ ഒരു പുഞ്ചിരിയിലൂടെയോ വാക്കിലൂടെയോ അതു സാധിച്ചേക്കാം. ഔദാര്യത്തിന്റെയോ ക്ഷമയുടെയോ സേവനത്തിന്റെയോ ഒരു പ്രവൃത്തിയിലൂടെയുമാകാം. എന്നാൽ സ്നേഹത്തോടെ മറ്റൊരാൾക്ക് നിങ്ങൾ ചെയ്യുന്നതെന്തും ഈശോയ്ക്കാണ് ചെയ്യുന്നത്. ഇതു സത്യമാണ്. നാം മറ്റൊരാളോട് പരുഷമായോ കരുണയില്ലാതെയോ പെരുമാറുമ്പോൾ നമ്മുടെ കർത്താവിന്റെ ഹൃദയത്തെ മുറിപ്പെടുത്തുന്നു എന്നതും സത്യമാണ്. ഈ അടിസ്ഥാനസത്യം മനസ്സിൽ ഒരു ആശയമായി മനസ്സിലാക്കാൻ എളുപ്പമാണ്; എന്നാൽ നമ്മുടെ പ്രവൃത്തികളിലൂടെ അതു മനസ്സിലാക്കാൻ അത്ര എളുപ്പമല്ല. മറ്റൊരാളിൽ യഥാർഥത്തിൽ ഈശോയെ കാണാനും, അയാളെ സേവിക്കുന്നതിലൂടെ നാം നമ്മുടെ കർത്താവിനെ സ്നേഹിക്കുകയാണെന്ന് വിശ്വസിക്കാനും പ്രയാസമായേക്കാം. എന്നാൽ വിശ്വസിക്കാൻ പ്രയാസമാണെന്നതുകൊണ്ട് മാത്രം നാം അതു വിശ്വസിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യരുതെന്ന് അർഥമില്ല (കാണുക ഡയറി #1029).
നിങ്ങൾ ദിവസവും കണ്ടുമുട്ടുന്ന ആളുകളെക്കുറിച്ച് ചിന്തിക്കുക. അവരെ നോക്കുമ്പോൾ, നമ്മുടെ കർത്താവിനെ സ്നേഹിക്കാനുള്ള ഒരു ക്ഷണമായി അവരുടെ സാന്നിധ്യത്തെ നിങ്ങൾ കാണുന്നുണ്ടോ? ഇങ്ങനെ ചെയ്യാൻ പ്രയാസമാണോ? സ്നേഹിക്കപ്പെടാൻ കാത്തുകൊണ്ട് ഈശോ അവരിൽ മറഞ്ഞിരിക്കുന്നുവെന്ന് നാം വിശ്വസിക്കണം. ഇന്ന് നിങ്ങൾ കണ്ടുമുട്ടുന്ന വ്യക്തികളിൽ നിങ്ങൾക്കായി കാത്തിരിക്കുന്ന, മറഞ്ഞിരിക്കുന്ന നിങ്ങളുടെ കർത്താവിനെക്കുറിച്ച് ധ്യാനിക്കുക. അവരിലൂടെ നമ്മുടെ കർത്താവിനെ സ്നേഹിക്കാൻ മടിക്കരുത്. കാരണം, അവരിൽ ദൈവകരുണയുടെ ഉറവ തുറക്കപ്പെടാൻ കാത്തിരിക്കുന്നു.
കർത്താവേ, ഞാൻ ദിവസവും കണ്ടുമുട്ടുന്നവരോട് സമൃദ്ധമായി കരുണ കാണിക്കണമെന്ന് അങ്ങ് ആഗ്രഹിക്കുന്നുവല്ലോ. അവരിൽ അങ്ങയെ കാണാനും, ഞാൻ കണ്ടുമുട്ടുന്ന ഓരോ വ്യക്തിയിലും അങ്ങയെ സ്നേഹിക്കാനുമുള്ള കൃപ എനിക്കു നൽകണമേ. പ്രിയ കർത്താവേ, അങ്ങയെ കാണാനുള്ള കണ്ണുകൾ എനിക്കുണ്ടാകട്ടെ. മറ്റുള്ളവരിൽ അങ്ങയെ കണ്ടെത്തുമ്പോൾ, അങ്ങ് എനിക്കു നൽകുന്ന കരുണയോടെ അവരെ സ്നേഹിച്ചുകൊണ്ട് എന്റെ ഹൃദയം അവർക്കായി തുറക്കാൻ എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണം വയ്ക്കുന്നു.
ജൂലൈ 15 – മെത്രാനും വേദപാരംഗതനുമായ വിശുദ്ധ ബൊനവന്തൂരയുടെ അനുസ്മരണം
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




