ചിത്രം പകർത്തിയത്: ലെറോയ് സ്കാൽസ്റ്റാഡ് ഉറവിടം: Pixabay
ഹൃദയത്തിൽനിന്നുള്ള യഥാർത്ഥ സഹാനുഭൂതിയുടെ അഭാവം മാനസികവും വൈകാരികവും, ആത്മീയവുമായ ഏതോ ഒരു തകരാറിന്റെ വ്യക്തമായ സൂചനയാണ്. ഇതിന്റെ മറുവശവും സത്യമായതിനാലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഹൃദയത്തിൽനിന്നുള്ള യഥാർത്ഥ സഹാനുഭൂതിയുടെ സാന്നിധ്യം ഒരാൾ മാനസികമായും വൈകാരികമായും ആത്മീയമായും ആരോഗ്യവാനാണെന്നതിന്റെ സൂചനയാണ്. സഹാനുഭൂതി എന്നതിനർത്ഥം നിങ്ങൾ മറ്റുള്ളവരെക്കുറിച്ച് അവബോധമുള്ളവരാണെന്നാണ്. ഒരാൾ വേദനിക്കുമ്പോഴും സന്തോഷിക്കുമ്പോഴും നിങ്ങൾ അത് തിരിച്ചറിയുന്നു. അതിലുപരി, അവർ അനുഭവിക്കുന്ന വേദന നിങ്ങൾക്കും അനുഭവപ്പെടുന്നു; അവർ അനുഭവിക്കുന്ന സന്തോഷം നിങ്ങളും അനുഭവിക്കുന്നു. ദൈവത്തിന്റെ കരുണയിൽനിന്ന് ഒഴുകിയെത്തുന്ന, നിങ്ങളുടെ ഹൃദയത്തിലെ ഒരു കരുണാപ്രവൃത്തിയാണിത്. (കാണുക ഡയറി #1039).
ഇന്ന്, നിങ്ങൾക്കുള്ള സഹാനുഭൂതിയെക്കുറിച്ചോ അതിന്റെ അഭാവത്തെക്കുറിച്ചോ ചിന്തിക്കുക. മറ്റൊരാളുടെ സന്തോഷങ്ങളോ സഹനങ്ങളോ കാണുമ്പോൾ നിങ്ങളുടെ മനസ്സിലും ഹൃദയത്തിലും വികാരങ്ങളിലും എന്താണ് സംഭവിക്കുന്നത്? അവരെ ഗൗനിക്കാതെയും അവരുമായി ഇടപെടാതെയും നിങ്ങൾ കടന്നുപോകാറുണ്ടോ? അതോ അവരുടെ മനുഷ്യത്വം കാണുകയും അവരുടെ അന്തസ്സ് തിരിച്ചറിയുകയും കരുതലോടും അനുകമ്പയോടും ബഹുമാനത്തോടുംകൂടെ അവരോട് പെരുമാറുകയും ചെയ്യുന്നുണ്ടോ? ആത്യന്തികമായി, സഹാനുഭൂതി എന്നത് ഓരോ വ്യക്തിയുടെയും അന്തസ്സിനെയും നമ്മുടെ ചിന്തകൾ, വികാരങ്ങൾ, വാക്കുകൾ, പ്രവൃത്തികൾ എന്നിവയിലൂടെ ആ അന്തസ്സ് അംഗീകരിക്കാനുള്ള നമ്മുടെ കഴിവിനെയും സംബന്ധിക്കുന്നതാണ്. ഇന്ന് നിങ്ങളുടെ സഹാനുഭൂതിയെ സത്യസന്ധമായി വിലയിരുത്താൻ ശ്രമിക്കുക. ഈ കാര്യത്തിൽ ഒരു കുറവുണ്ടെന്ന് കണ്ട് നിങ്ങൾ ആശ്ചര്യപ്പെടുന്നെങ്കിൽ, അതിന്റെ കാരണം കൂടുതൽ ആഴത്തിൽ അന്വേഷിക്കുക. ഈ കുറവ് സമ്മതിക്കാനോ അതിന് പരിഹാരം തേടാനോ ഭയപ്പെടരുത്. എന്നാൽ, മറ്റുള്ളവരെക്കുറിച്ചുള്ള അവബോധം നിറഞ്ഞ, അനുകമ്പയുള്ള ഒരു ഹൃദയത്താൽ നിങ്ങൾ അനുഗൃഹീതരാണെന്ന് കാണുന്നെങ്കിൽ സന്തോഷിക്കുക; കാരണം, നിങ്ങളുടെ ഹൃദയം ദൈവത്തിന്റെ കരുണയിൽ പങ്കുചേരുകയും അത് പകർന്നുനൽകുകയും ചെയ്യുന്നു.
കർത്താവേ, എന്റെ ഹൃദയം അങ്ങയുടെ കരുണാർദ്രമായ ഹൃദയത്തിന്റെ ഒരു ഉപകരണമായി മാറണമേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു. അങ്ങയുടെ ഹൃദയത്തിൽനിന്ന് ഒഴുകിയെത്തുന്ന സഹാനുഭൂതിയും അനുകമ്പയും എനിക്ക് ഏതെങ്കിലും വിധത്തിൽ കുറവായിരിക്കുന്നിടത്തെല്ലാം എനിക്ക് സൗഖ്യം നൽകണമേ. അങ്ങയുടെ കരുണയിൽ പങ്കുചേർന്നതുവഴി മറ്റുള്ളവരുടെ ക്ലേശങ്ങളും സന്തോഷങ്ങളും അനുഭവിക്കാൻ എനിക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. കർത്താവേ, എന്റെ ഹൃദയം അങ്ങയുടെ ഹൃദയംപോലെയാകേണ്ടതിന് അങ്ങയുടെ ജീവനിലും സ്നേഹത്തിലും പങ്കുചേരുക എന്നതാണ് എന്റെ അഗാധമായ ആഗ്രഹം. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




