മലയാളം

വിചിന്തനം 237: വിശ്വാസത്തിന്റെ അന്ധകാരം നമ്മുടെ സ്നേഹത്തെ ശുദ്ധീകരിക്കുന്നു

Nheyob, CC BY-SA 4.0, Wikimedia Commons വഴി

വീഡിയോ

വിശുദ്ധ ഫൗസ്റ്റീന ഉൾപ്പെടെ മഹാന്മാരായ അനേകം വിശുദ്ധർ ദൈവവുമായുള്ള ബന്ധത്തിൽ ആന്തരികമായ അന്ധകാരം അനുഭവിച്ചിട്ടുണ്ട്.  ഏറെ നിഗൂഢമായ ഒരു അനുഭവമാണിത്.  ഒരു ആത്മാവ് ദൈവവുമായി കൂടുതൽ ഉറ്റബന്ധത്തിലേക്കു വളരുമ്പോൾ, ആ യാത്രയിൽ അനേകം ആശ്വാസങ്ങളും സ്നേഹാനുഭൂതികളും ഉണ്ടാകുന്നു.  എന്നാൽ, ആത്മീയയാത്രയിൽ ദൈവം തന്നെത്തന്നെ മറച്ചുവയ്ക്കുന്ന ഒരു ഘട്ടം വരുന്നു.  ആ വ്യക്തിയുടെ ഏതെങ്കിലും പാപം നിമിത്തമല്ല ഇത് സംഭവിക്കുന്നത്; മറിച്ച്, വൈകാരികമോ ആത്മീയമോ ആയ ആശ്വാസങ്ങളുടെപോലും സഹായമില്ലാതെ ആ വ്യക്തിയെ താങ്ങിനിർത്തുന്നതിനായി, ദൈവം അയാളുടെ ജീവിതത്തിലേക്ക് ഏറെ ആഴത്തിൽ പ്രവേശിക്കുന്ന രീതിയാണിത്.  വളരെ വേദനാജനകമായേക്കാവുന്ന ഒരു അന്ധകാരത്തിലേക്ക് ആത്മാവ് ആഴ്ത്തപ്പെടുന്നു.  എന്നാൽ ഈ അന്ധകാരത്തിൽ, പുതിയൊരു നിശ്ശബ്ദതയോടും ആത്മസമർപ്പണത്തോടുംകൂടെ ദൈവത്തെ അറിയാൻ ആ വ്യക്തി ക്ഷണിക്കപ്പെടുന്നു.  ഈ പുതിയ തലത്തിൽ ആത്മാവിനു ലഭിക്കുന്ന ആശയവിനിമയം വാക്കുകൾക്കും മാനുഷിക അനുഭവങ്ങൾക്കും അതീതമാണ്.  ദൈവത്തെയും അവിടുത്തെ തിരുഹിതത്തെയും കുറിച്ചുള്ള അറിവുണ്ട്; എന്നാൽ അവിടുത്തെ അനുഭവമില്ല.  യാതൊരു വൈകാരിക അനുഭൂതികളോ ആത്മീയ ആശ്വാസങ്ങളോ ഇല്ലെങ്കിലും ദൈവത്തെയും അവിടുത്തെ ഹിതത്തെയും തിരഞ്ഞെടുക്കാൻ ഈ അന്ധകാരത്തിലൂടെ ആത്മാവ് ക്ഷണിക്കപ്പെടുന്നു (കാണുക ഡയറി #1235).

നിങ്ങളുടെ പ്രാർഥനാജീവിതം അന്ധകാരത്തിന്റെ ഈ അനുഭവത്തിലേക്ക് നിങ്ങളെ ഇതുവരെ കൊണ്ടുവന്നിട്ടുണ്ടാകില്ല.  ദൈവവുമായുള്ള കൂട്ടായ്മയുടെ ഈ തലത്തിലേക്ക് ചുരുക്കം ചിലർ മാത്രമേ പ്രവേശിക്കുന്നുള്ളൂവെങ്കിലും, അതിനെക്കുറിച്ച് അറിഞ്ഞിരിക്കുന്നതും മഹാന്മാരായ വിശുദ്ധർക്കുണ്ടായ അനുഭവം മനസ്സിലാക്കുന്നതും നല്ലതാണ്.  ഇതാണ് വിശുദ്ധിയുടെ പാത എന്ന അറിവ്, ദൈവത്തെത്തന്നെ ആഗ്രഹിക്കുന്നതിനുവേണ്ടി ദൈവസ്നേഹം അനുഭവിക്കണമെന്ന ആഗ്രഹങ്ങൾ മാറ്റിവയ്ക്കാൻ നിങ്ങളെ സഹായിക്കും.  ദൈവം ഒരു വികാരമല്ല; അവിടുന്ന് ദൈവിക വ്യക്തികളുടെ ത്രിത്വമാണ്.  നിങ്ങൾക്ക് എന്തു തോന്നിയാലും അവിടുത്തെ സ്നേഹിക്കാൻ പരിശ്രമിക്കുക; നിങ്ങൾക്ക് ഒരിക്കലും സങ്കൽപ്പിക്കാനാകുന്നതിലും ആഴത്തിലേക്ക് നിങ്ങളുടെ ബന്ധം വളരും.

കർത്താവേ, എന്നോടുള്ള അങ്ങയുടെ പൂർണമായ സ്നേഹം ചിലപ്പോഴൊക്കെ എനിക്കു മനസ്സിലാകുന്നില്ല.  അങ്ങയുടെ സാമീപ്യം അനുഭവപ്പെടുമ്പോൾ, ആ അനുഭവത്തിനായി ഞാൻ ഏറെ നന്ദിയുള്ളവനാണ്.  എങ്കിലും, അങ്ങയുടെ സാന്നിധ്യം അനുഭവപ്പെടാത്തപ്പോഴും അങ്ങയെ സ്നേഹിക്കാനുള്ള കൃപ എനിക്കു നൽകണമേ എന്നു ഞാൻ പ്രാർഥിക്കുന്നു.  പ്രിയ കർത്താവേ, എന്റെ വിശ്വാസത്തെ ശുദ്ധീകരിക്കണമേ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

വിശുദ്ധ മോനിക്കയോടുള്ള നൊവേന
(വഴിതെറ്റിപ്പോയ മക്കൾക്കുവേണ്ടി പ്രത്യേകമായി പ്രാർഥിക്കുന്നത്)
ഓഗസ്റ്റ് 18–26

ഓഗസ്റ്റ് 25 – വിശുദ്ധ ലൂയിസ് രാജാവ്—ഐച്ഛിക അനുസ്മരണം

കലസാൻസിലെ വിശുദ്ധ ജോസഫ്, പുരോഹിതൻ—ഐച്ഛിക അനുസ്മരണം

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ