ടോബി ഹഡ്സൺ, CC BY-SA 3.0, വിക്കിമീഡിയ കോമൺസ് വഴി
ഇവിടെ, ഈ നിമിഷംതന്നെ തന്റെ നീതി നടപ്പാക്കാൻ ഈശോയ്ക്ക് പൂർണമായ അവകാശമുണ്ടെന്ന് അറിയേണ്ടത് പ്രധാനമാണ്. നമ്മുടെ പാപങ്ങളുടെ പേരിൽ നമ്മോടു കഠിനമായി പെരുമാറാനും നമ്മുടെമേൽ നിത്യവിധി നടപ്പാക്കാനും അവിടുത്തേക്ക് പൂർണമായ അവകാശമുണ്ട്. അവിടുത്തെ കരുണ നിമിത്തം ഈ സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. എന്നാൽ ഈ വസ്തുത നാം ഒരിക്കലും മറക്കരുത്. ഇത് ഓർക്കേണ്ടത് പ്രധാനമാണ്. കാരണം, ലോകത്തിന്മേൽ ഉടനടിയുള്ളതും മാറ്റാനാവാത്തതുമായ വിധി നടപ്പാക്കാൻ ദൈവത്തിനുള്ള സമ്പൂർണ അവകാശം നാം മനസ്സിലാക്കുന്നില്ലെങ്കിൽ, അവിടുന്ന് അതിൽനിന്നു പിന്തിരിയുന്നത് അളവറ്റ കരുണയുടെ പ്രവൃത്തിയാണെന്ന് നമുക്ക് ഒരിക്കലും മനസ്സിലാവുകയില്ല. അവിടുത്തെ കരുണയ്ക്കായി പ്രാർഥിക്കാനും തന്റെ പുത്രന്റെ ക്രോധം തടഞ്ഞുനിർത്തണമെന്നു നമുക്കുവേണ്ടി യാചിക്കാനുമുള്ള ഉത്തരവാദിത്വം ദൈവമാതാവിനെ പ്രത്യേകമായി ഭരമേല്പിച്ചിരിക്കുന്നു. നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കാനുള്ള ഈ ഉത്തരവാദിത്വം ദൈവമാണ് അവൾക്കു നൽകിയത്; അവിടുന്ന് ആ പ്രാർഥനകൾ ശ്രവിക്കുകയും ചെയ്യുന്നു. ലോകത്തിൽ കരുണ ലഭിക്കാനായി പ്രാർഥിക്കാൻ നമ്മിൽ ഓരോരുത്തരെയും അവിടുന്ന് വിളിക്കുന്നു. നമ്മുടെ പ്രാർഥനകൾ ദൈവമാതാവിന്റെ പ്രാർഥനകളെപ്പോലെ ശക്തമല്ലെങ്കിലും, അവ അവളുടെ വിമലഹൃദയത്തിൽ സമർപ്പിച്ചാൽ അത്രതന്നെ ശക്തമാകാം. നമ്മുടെ പരിശുദ്ധ അമ്മയ്ക്ക് നമ്മുടെ പ്രാർഥനകൾ സമർപ്പിക്കുന്നത് അവയുടെ ശക്തി വർധിപ്പിക്കുകയും, ദൈവനീതിയുടെ കരം തടഞ്ഞുനിർത്തുന്ന, അളന്നറിയാനാവാത്ത കൃപയുടെ ഉപകരണമായി അവയെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു (കാണുക ഡയറി #1261).
നിങ്ങളുടെമേൽ പെട്ടെന്നുള്ളതും കഠിനവുമായ വിധി നടപ്പാക്കാൻ ദൈവത്തിനുള്ള അവകാശം നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? അതിനെക്കുറിച്ചു ചിന്തിക്കുന്നത് സുഖകരമായിരിക്കണമെന്നില്ല; എങ്കിലും അത് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഇന്ന് ഈ വസ്തുതയെക്കുറിച്ചു ധ്യാനിക്കുക. അത് വിശ്വസിക്കുകയും, തന്റെ കരുണ നിമിത്തമാണ് അവിടുന്ന് വിധി നടപ്പാക്കാതെ കാത്തിരിക്കുന്നതെന്ന് അറിയുകയും ചെയ്യുക. ഇന്ന് നമ്മുടെ പരിശുദ്ധ അമ്മയുടെ പ്രാർഥനകൾ തേടുകയും നിങ്ങളുടെ സ്വന്തം പ്രാർഥനകൾ അമ്മയ്ക്കു സമർപ്പിക്കുകയും ചെയ്യുക. അമ്മയുടെ മാധ്യസ്ഥ്യം വഴി സമർപ്പിക്കപ്പെടുന്ന നിങ്ങളുടെ പ്രാർഥനകളിലൂടെ ദൈവത്തിന്റെ നീതിനിർവഹണം തടഞ്ഞുനിർത്തപ്പെടുകയും നമ്മുടെ കാലത്ത് അവിടുത്തെ കരുണ വർഷിക്കപ്പെടുകയും ചെയ്യും.
ഏറ്റവും പ്രിയപ്പെട്ട അമ്മേ, എന്റെ എല്ലാ പ്രാർഥനകളും പ്രവൃത്തികളും ത്യാഗങ്ങളും അമ്മ തന്റെ പുത്രനു സമർപ്പിക്കേണ്ടതിന് ഇന്ന് ഞാൻ അവയെല്ലാം അമ്മയ്ക്കു സമർപ്പിക്കുന്നു. അമ്മയുടെ പുത്രന്റെ കരുണ വർഷിക്കപ്പെടുമ്പോൾ അവിടുത്തെ നീതിനിർവഹണം തടഞ്ഞുനിർത്തപ്പെടേണ്ടതിന് എനിക്കും അമ്മയുടെ എല്ലാ മക്കൾക്കും വേണ്ടി പ്രാർഥിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




