മലയാളം

വിചിന്തനം 262: സ്നേഹത്തിന്റെ അഥവാ നീതിയുടെ ഭരണം

ചിത്രം: Pixabay വഴി

വീഡിയോ

ദൈവത്തിന്റെ കരത്തിൽനിന്ന് നമുക്ക് ഒഴിഞ്ഞുമാറാനാവില്ല. അവിടുന്നാണ് പ്രപഞ്ചത്തെ താങ്ങിനിർത്തുകയും സകലതിനെയും നിലനിറുത്തുകയും ചെയ്യുന്നത്. അവിടുത്തെ നിരന്തരമായ കരുതലില്ലെങ്കിൽ നമ്മുടെ അസ്തിത്വം തന്നെ ഇല്ലാതാകും. എന്നാൽ രണ്ടു വിധങ്ങളിൽ ഒന്നിലാണ് നാം അവിടുത്തെ പരിപാലനയുടെ കരത്തിൻകീഴിൽ കഴിയുന്നത്. ഒന്നുകിൽ “സ്നേഹത്തിന്റെ ഭരണം” നമ്മെ നയിക്കുന്നു; അല്ലെങ്കിൽ “നീതിയുടെ ഭരണം” നമ്മെ നയിക്കുന്നു. നാം ദൈവത്തിൽനിന്ന് അകന്നുപോകുമ്പോൾ നമ്മുടെ ജീവിതത്തെ നയിക്കാൻ അവിടുന്ന് സ്വീകരിക്കുന്ന മാർഗമാണ് നീതിയുടെ ഭരണം. ഇവിടെയായാലും മരണസമയത്തായാലും അവിടുത്തെ നീതിയിൽനിന്ന് നമുക്ക് ഒഴിഞ്ഞുമാറാനാവില്ല. നാം പാപം ചെയ്യുമ്പോൾ, പ്രത്യേകിച്ച് ഗൗരവമായ വിധത്തിൽ പാപം ചെയ്യുമ്പോൾ, ദൈവത്തിന്റെ നീതിനിമിത്തം നാം നമ്മുടെ പാപത്തിന് അടിമകളാകുന്നു. തന്റെ മഹത്തായ കരുണനിമിത്തം പാപത്തിന്റെ തടവറ അനുഭവിക്കാൻ അവിടുന്ന് നമ്മെ വിടുന്നു. നമ്മെ മാനസാന്തരത്തിലേക്കു വിളിക്കാനായിട്ടാണ് അവിടുത്തെ നീതിയുടെ ദുരിതഫലങ്ങൾ നമ്മുടെമേൽ വരുന്നത് എന്നതിനാൽ അത് കരുണയാണ്. എന്നാൽ സ്നേഹത്തിന്റെ ഭരണത്തിൻകീഴിൽ ജീവിക്കുന്നവർ തികച്ചും പുതിയൊരു തലത്തിൽ ജീവിക്കാൻ അനുഗൃഹീതരാകുന്നു. ഈ വിശുദ്ധാത്മാക്കൾ ദൈവകരുണയിൽ ആനന്ദിക്കുകയും പാപത്തിന്റെ ഫലങ്ങളിൽനിന്ന് മോചിതരാകുകയും ചെയ്യുന്നു. അവർ ആത്മാവിന്റെ അനേകം ഫലങ്ങൾ അനുഭവിക്കുകയും ദൈവത്തിന്റെ പരിശുദ്ധ ഹിതത്തിന് അനുസൃതമായി പ്രവർത്തിക്കുകയും ചെയ്യുന്നു (കാണുക ഡയറി #1315).

ഏതു ഭരണത്തിനു കീഴിലാണ് നിങ്ങൾ ജീവിക്കുന്നത്? നിങ്ങൾ പതിവായി കൃപയിൽനിന്ന് വീഴുകയും ജീവിതത്തിൽ ദൈവത്തിന്റെ നീതി അനുഭവിക്കുകയും ചെയ്യുന്നുണ്ടോ? അതോ അവിടുത്തെ സ്നേഹത്തിന്റെ ഭരണത്തിനു കീഴിൽ ജീവിക്കാൻ പരിശ്രമിക്കുകയാണോ? ഇന്ന് നിങ്ങൾ ഏത് അവസ്ഥയിലായിരുന്നാലും, അത് ദൈവകരുണയുടെ ഒരു ദാനമാണെന്ന് അറിയുക. നിങ്ങൾ വീഴുമ്പോൾ നിങ്ങളുടെ ജീവിതത്തെ നേർവഴിയിലേക്കു തിരിച്ചുവിടാൻ അവിടുത്തെ നീതിയെ അനുവദിക്കുക; അവിടുത്തെ കരുണയുടെ സമൃദ്ധമായ വർഷണത്തെ പൂർണമായി സ്വീകരിക്കാൻ ശ്രമിക്കുക. കർത്താവ് ഒരിക്കലും നിങ്ങളെ ഉപേക്ഷിക്കുകയില്ല; എന്നാൽ അവിടുത്തെ കരുണ നിങ്ങൾ എങ്ങനെ അനുഭവിക്കുമെന്നത് നിങ്ങളുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു.

എന്റെ കർത്താവേ, എന്റെ ജീവിതം അങ്ങയുടെ കരുണാമയമായ സാന്നിധ്യത്താൽ നിറയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഓരോ ദിവസവും എന്റെ പാപത്തിൽനിന്ന് പിന്തിരിയാനും അങ്ങയുടെ സ്നേഹത്തിന്റെ ഭരണത്തിൻകീഴിൽ ജീവിക്കുന്നതിലൂടെ ലഭിക്കുന്ന സ്വാതന്ത്ര്യവും ആനന്ദവും അനുഭവിക്കാനും ഇടയാകണമേ എന്ന് ഞാൻ പ്രാർഥിക്കുന്നു. പ്രിയ കർത്താവേ, അങ്ങ് എനിക്കായി ഒരുക്കിയിരിക്കുന്ന സമൃദ്ധമായ ജീവിതത്തിലേക്ക് ആകർഷിക്കപ്പെടാൻ തക്കവിധം, എന്റെ ജീവിതത്തിൽ എപ്പോഴും ശരിയായ തീരുമാനങ്ങൾ എടുക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

സെപ്റ്റംബർ 19 – വിശുദ്ധ ജാനുവേരിയസ്, മെത്രാനും രക്തസാക്ഷിയും—ഐച്ഛിക അനുസ്മരണം

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ