ചിത്രം ലഭിച്ചത്: Pixabay.
നമ്മുടെ കർത്താവിന്റെ വിശുദ്ധ പീഡാനുഭവത്തെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ യഥാർഥ ഹൃദയാനുഭൂതിയോടും സ്നേഹത്തോടും കൂടി അവിടുത്തെ പീഡാനുഭവത്തിലേക്കു നോക്കാൻ കഴിയുന്നവർ ചുരുക്കമാണ്. നമ്മുടെ പ്രാർത്ഥനയിൽ വലിയ ഭക്തിയോടെ കർത്താവിന്റെ പീഡാനുഭവത്തെക്കുറിച്ച് ധ്യാനിക്കാൻ നാം പഠിക്കണം. ഇത് നമ്മുടെ സ്വന്തം പരിശ്രമത്താൽ നാം ചെയ്യുന്ന ഒരു കാര്യം എന്നതിലുപരി, നമ്മുടെ ഉള്ളിൽ ചെയ്യാൻ കർത്താവിനെ നാം അനുവദിക്കുന്ന ഒന്നാണ്. താൻ അനുഭവിച്ച അതികഠിനമായ സഹനം നമുക്കു വെളിപ്പെടുത്തിത്തരാൻ നാം അവിടുത്തെ അനുവദിക്കണം. ആ വെളിപ്പെടുത്തലിൽ, നമ്മോടുള്ള സ്നേഹത്താൽ ഇത്ര ഭയാനകമായ മരണം വരിച്ച അവിടുത്തോടുള്ള സ്നേഹത്തിൽ നമ്മുടെ അസ്തിത്വം മുഴുവൻ എരിഞ്ഞമരാൻ നാം അനുവദിക്കണം (കാണുക ഡയറി #737).
നമ്മുടെ കർത്താവിന്റെ പീഡാനുഭവത്തെക്കുറിച്ച് ധ്യാനിക്കാൻ നിങ്ങൾ സമയം ചെലവഴിക്കാറുണ്ടോ? അവിടുത്തെ ഉത്ഥാനത്തിലേക്കും പാപത്തിന്റെയും മരണത്തിന്റെയും മേലുള്ള മഹത്തായ വിജയത്തിലേക്കും നോക്കുന്നതായിരിക്കാം കൂടുതൽ എളുപ്പം. എന്നാൽ ഉത്ഥാനത്തിലേക്കും മഹത്ത്വീകരണത്തിലേക്കുമുള്ള വഴി പീഡാനുഭവത്തിലൂടെയാണ്. നമ്മുടെ കർത്താവ് സഹിച്ച ഓരോ വേദനയിലേക്കും ഓരോ സഹനത്തിലേക്കും ആകർഷിക്കപ്പെടാൻ നിങ്ങൾ എത്രമാത്രം സന്നദ്ധരാണെന്ന് ഇന്ന് വിചിന്തനം ചെയ്യുക. അവിടുത്തെ പീഡാനുഭവത്തെ അതിന്റെ യഥാർഥ സ്വഭാവത്തിൽ കാണുന്നത് അവിടുത്തെ കൂടുതൽ ആഴത്തിൽ സ്നേഹിക്കാൻ നിങ്ങളെ സഹായിക്കുന്നു. അവിടുത്തെ സഹനത്തെക്കുറിച്ച് കൂടുതൽ ബോധ്യമാകുന്തോറും, നിങ്ങളുടെ സ്നേഹത്തിലൂടെയും അവിടുത്തെ വിശുദ്ധ തിരുഹിതത്തിനു കീഴടങ്ങുന്നതിലൂടെയും അവിടുത്തെ മുറിവേറ്റ തിരുഹൃദയത്തെ ആശ്വസിപ്പിക്കാൻ നിങ്ങൾ കൂടുതൽ ആഗ്രഹിക്കും. ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ ഓരോ വശവും നിങ്ങളോടു സംസാരിക്കാനും നിങ്ങളെ രൂപാന്തരപ്പെടുത്താനും അനുവദിക്കുക. അതിന്റെ ഫലമായി ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹം കൂടുതൽ ആഴമുള്ളതാകുകയും നിങ്ങൾക്കു ചുറ്റും സഹിക്കുന്നവരോടുള്ള കരുണ സമൃദ്ധമാകുകയും ചെയ്യും.
കർത്താവേ, അങ്ങയുടെ വിശുദ്ധ പീഡാനുഭവത്തെക്കുറിച്ച് ബോധ്യമുള്ളവനാകാൻ എന്നെ സഹായിക്കണമേ. ഇത്രയധികം പീഡകൾ സഹിക്കാൻ അങ്ങയെ പ്രാപ്തനാക്കിയ സ്നേഹം കാണാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ പീഡാനുഭവത്തിൽ എല്ലാവരോടുമുള്ള അങ്ങയുടെ അനന്തമായ സ്നേഹം ഞാൻ കാണട്ടെ. അങ്ങയോടുള്ള അതേ സ്നേഹത്തോടെ, സഹിക്കുന്നവരെ ഞാനും സ്നേഹിക്കട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
മേയ് 26 – വിശുദ്ധ ഫിലിപ്പ് നേരി, വൈദികൻ—അനുസ്മരണം
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ
ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ




