പ്രാർഥനയിൽ മുഴുകിയ വിശുദ്ധ പത്രോസ് — രചന: മത്തിയാസ് സ്റ്റോം
നമ്മുടെ നാവിന് മറ്റുള്ളവരെ വളർത്താനും തകർക്കാനും കഴിയും. നമ്മുടെ നാവ് നമ്മുടെ സ്വന്തം ആത്മാവിനെയും നേരിട്ടു സ്വാധീനിക്കുന്നു. ദൈവപ്രചോദിതമായ വാക്കുകൾ നാവ് സംസാരിക്കുമ്പോൾ നാം വിശുദ്ധിയിൽ വളരുന്നു. ദൈവത്തിൽനിന്നല്ലാത്ത വാക്കുകൾ നാവ് സംസാരിക്കുമ്പോൾ നമ്മുടെ ആത്മാവിനും മറ്റുള്ളവർക്കും നാം വലിയ ദോഷം വരുത്തുന്നു. ബാഹ്യമായ നിശ്ശബ്ദതയല്ല പ്രധാന ലക്ഷ്യം; മറിച്ച്, ആന്തരികമായ നിശ്ശബ്ദതയാണ്. സംസാരിക്കുന്നതിനുമുമ്പ് ചിന്തിക്കുകയും പ്രാർഥിക്കുകയും ചെയ്യുക എന്നതാണ് ആന്തരിക നിശ്ശബ്ദതകൊണ്ട് അർഥമാക്കുന്നത്. അതായത്, നാം ഉള്ളിൽ ഏകാഗ്രതയുള്ളവരായി, നമ്മുടെ മനസ്സാക്ഷിയിൽ നിശ്ശബ്ദമായും സൗമ്യമായും സംസാരിക്കുന്ന ദൈവസ്വരത്തോട് ഇണങ്ങിനിൽക്കണം. ശരിയായ സമയത്തും ശരിയായ രീതിയിലും മറ്റുള്ളവരോടു കരുണയുടെ വാക്കുകൾ സംസാരിക്കാൻ നമ്മെത്തന്നെ ഒരുക്കണമെങ്കിൽ, ദൈവസ്മരണയിലുള്ള ഈ ആന്തരിക ഏകാഗ്രത ആവശ്യമാണ് (കാണുക: ഡയറി #118).
സ്വന്തം മനസ്സാക്ഷിയിൽ മുഴങ്ങുന്ന ദൈവസ്വരത്തോട് നിരന്തരം ഇണങ്ങിനിൽക്കുന്ന ഒരു വ്യക്തിയാകാൻ ഇന്ന് പരിശ്രമിക്കുക. ദൈവത്തിന്റെ ഭാഷ യാഥാർഥ്യവും രൂപാന്തരപ്പെടുത്തുന്നതുമാണ്. നിശ്ശബ്ദമായെങ്കിലും വ്യക്തമായി നമ്മോട് ആശയവിനിമയം നടത്തുന്ന ഭാഷയാണ് അവിടുത്തേത്. ദൈവം എപ്പോഴും സംസാരിക്കുന്നു; നിങ്ങൾ കേൾക്കുന്നുണ്ടോ? അവിടുന്ന് നിങ്ങളോടു പറയാനുള്ളതു മാത്രം കേൾക്കാൻ കഴിയേണ്ടതിന്, നിങ്ങളുടെ സ്വന്തം ചിന്തകളെയും ആശയങ്ങളെയും ഇന്ന് നിശ്ശബ്ദമാക്കാൻ ശ്രമിക്കുക.
കർത്താവേ, ഇന്നത്തെ എന്റെ വാക്കുകൾ ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു. അങ്ങ് എന്നെ സംസാരിക്കാൻ പ്രചോദിപ്പിക്കുന്നതു മാത്രം ഞാൻ സംസാരിക്കട്ടെ. ഞാൻ കേൾക്കണമെന്ന് അങ്ങ് ആഗ്രഹിക്കുന്നതു മാത്രം ഞാൻ കേൾക്കട്ടെ. കർത്താവേ, അങ്ങയെക്കുറിച്ചുള്ള ആഴമേറിയതും നിരന്തരവുമായ സ്മരണയിൽ പ്രവേശിക്കാൻ എന്നെ സഹായിക്കണമേ. അങ്ങയെയും അങ്ങയുടെ കരുണയെയും മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ കഴിയേണ്ടതിന്, എന്റെ ഹൃദയത്തിന്റെ നിശ്ശബ്ദതയിൽ അങ്ങയുടെ ദിവ്യസാന്നിധ്യം ഞാൻ അനുഭവിക്കട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഫെബ്രുവരി 17: സെർവൈറ്റ് സന്യാസസഭയുടെ ഏഴ് വിശുദ്ധ സ്ഥാപകർ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ





