വില്യം-അഡോൾഫ് ബൂഗറോയുടെ പിയെത്ത
പ്രധാന ചിത്രം: മഹത്വത്തിലുള്ള ക്രിസ്തു — രചന: ഫ്രാൻചെസ്കോ ബസ്സാനോ ഇളയവൻ
ക്രിസ്തുവിന്റെ ഏതു രൂപമാണ് നിങ്ങൾക്ക് കൂടുതൽ ആശ്വാസം നൽകുന്നത്? ഏതു രൂപത്തോടാണ് നിങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ താദാത്മ്യപ്പെടാൻ കഴിയുന്നത്? എല്ലാവരുടെയും രാജാവായി മഹത്വപ്പെട്ട ക്രിസ്തുവിന്റെ രൂപമോ? അതോ അടിയേറ്റു സഹിക്കുന്ന ക്രിസ്തുവിന്റെ രൂപമോ? ഒടുവിൽ, മഹത്വത്തിലും പ്രതാപത്തിലും വിരാജിക്കുന്ന കർത്താവിൽ നാം ദൃഷ്ടിയുറപ്പിക്കും; അത് നിത്യതയോളം നമ്മുടെ ആനന്ദമായിരിക്കും. എന്നാൽ, ഈ ഭൂമിയിലെ ജീവിതത്തിൽ തീർത്ഥാടകരായിരിക്കുന്നിടത്തോളം, സഹിക്കുന്ന ക്രിസ്തുവായിരിക്കണം നമ്മുടെ മനസ്സിലും സ്നേഹത്തിലും നിറഞ്ഞുനിൽക്കേണ്ടത്. എന്തുകൊണ്ട്? കാരണം, നമ്മുടെ ബലഹീനതയിലും വേദനയിലും യേശു നമ്മോട് എത്ര അടുത്താണെന്ന് അത് വെളിപ്പെടുത്തുന്നു. അവിടുത്തെ തിരുമുറിവുകൾ കാണുന്നത് നമ്മുടെ സ്വന്തം മുറിവുകൾ ആത്മവിശ്വാസത്തോടെ തുറന്നുകാട്ടാൻ നമ്മെ ഒരുക്കുന്നു. നമ്മുടെ സ്വന്തം തകർച്ചയെ സത്യസന്ധമായും വ്യക്തമായും കാണുന്നത് നമ്മുടെ കർത്താവിനെ കൂടുതൽ ആഴത്തിൽ സ്നേഹിക്കാൻ നമ്മെ സഹായിക്കുന്നു. തന്റെ കുരിശിലൂടെ അവിടുന്ന് സഹനത്തിലേക്കു പ്രവേശിച്ചു. അവിടുത്തെ തിരുമുറിവുകളിലേക്കു നിങ്ങൾ ഉറ്റുനോക്കുമ്പോൾ, നിങ്ങളുടെ സഹനത്തിലേക്കു വ്യക്തിപരമായി കടന്നുവരാൻ അവിടുന്ന് ആഗ്രഹിക്കുന്നു (കാണുക ഡയറി #252).
ഇന്ന് യേശുവിന്റെ തിരുമുറിവുകളിലേക്കു നോക്കുക. ദിവസം മുഴുവൻ അവിടുത്തെ പീഡാനുഭവം ഓർക്കാൻ ശ്രമിക്കുക. അവിടുത്തെ പീഡാനുഭവം നമ്മിലേക്കുള്ള ഒരു പാലമായി മാറുന്നു. അവസാന തുള്ളി രക്തംവരെ സ്നേഹിച്ച അവിടുത്തെ ദിവ്യഹൃദയത്തിലേക്കു പ്രവേശിക്കാൻ നമ്മെ അനുവദിക്കുന്ന ഒരു പാലം.
കർത്താവേ, ഇന്ന് ഞാൻ അങ്ങയെ ഉറ്റുനോക്കുന്നു. അങ്ങ് ഏറ്റുവാങ്ങിയ ഓരോ മുറിവിലേക്കും ഓരോ ചാട്ടവാറടിയിലേക്കും ഞാൻ ഉറ്റുനോക്കുന്നു. അങ്ങയുടെ വേദനയിൽ അങ്ങയോടു ചേർന്നുനിൽക്കാൻ എന്നെ സഹായിക്കണമേ. എന്റെ സ്വന്തം സഹനങ്ങളെ ദൈവവുമായുള്ള ഐക്യത്തിനുള്ള ഉപകരണമാക്കി മാറ്റാൻ അങ്ങയെ അനുവദിക്കുവാനും എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
പത്തൊൻപതാം ദിവസത്തെ ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിവസങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിവസങ്ങൾ
വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേന. മാർച്ച് 10-18 വരെ പ്രാർഥിക്കുന്നു.
നോമ്പുകാലത്തേക്കുള്ള വിശുദ്ധഗ്രന്ഥധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




