മംഗളവാർത്ത, രചന: ജോൺ വില്യം വാട്ടർഹൗസ്
നമുക്കെല്ലാവർക്കും ചിലപ്പോഴെങ്കിലും വലിയ മഹത്വം കൈവരിക്കുന്നതിനെക്കുറിച്ചുള്ള സ്വപ്നങ്ങൾ ഉണ്ടാകാം. ഞാൻ ധനികനും പ്രശസ്തനുമായിരുന്നെങ്കിലോ? ഈ ലോകത്തിൽ എനിക്ക് വലിയ അധികാരം ഉണ്ടായിരുന്നെങ്കിലോ? ഞാൻ മാർപാപ്പയോ രാഷ്ട്രപതിയോ ആയിരുന്നെങ്കിലോ? എന്നാൽ നമുക്ക് ഉറപ്പിക്കാവുന്ന ഒരു കാര്യമുണ്ട്: ദൈവം നമുക്കായി മഹത്തായ കാര്യങ്ങൾ തീർച്ചയായും മനസ്സിൽ കരുതിയിട്ടുണ്ട്. നമുക്ക് സങ്കൽപ്പിക്കാൻപോലും കഴിയാത്ത മഹത്വത്തിലേക്കാണ് അവിടുന്ന് നമ്മെ വിളിക്കുന്നത്. പലപ്പോഴും ഉയർന്നുവരുന്ന ഒരു പ്രശ്നമുണ്ട്: ദൈവം നമ്മിൽനിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന് നാം തിരിച്ചറിഞ്ഞുതുടങ്ങുമ്പോൾ, നാം ഓടിയൊളിക്കുന്നു. ദൈവത്തിന്റെ തിരുഹിതം പലപ്പോഴും നമുക്ക് സുഖകരമായ പരിധികൾക്കു പുറത്തേക്കു നമ്മെ വിളിക്കുകയും അവിടുന്നിൽ വലിയ ആശ്രയവും അവിടുത്തെ വിശുദ്ധ ഹിതത്തിന് പൂർണ്ണമായ ആത്മസമർപ്പണവും നമ്മിൽനിന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു (കാണുക ഡയറി #429).
ദൈവം നിങ്ങളിൽനിന്ന് ആഗ്രഹിക്കുന്നതിനെ സ്വീകരിക്കാൻ നിങ്ങൾ തുറന്ന മനസ്സുള്ളവരാണോ? അവിടുന്ന് ആവശ്യപ്പെടുന്നതെന്തും ചെയ്യാൻ നിങ്ങൾ സന്നദ്ധരാണോ? പലപ്പോഴും അവിടുന്ന് നമ്മോട് എന്തെങ്കിലും ആവശ്യപ്പെടുന്നതുവരെ നാം കാത്തിരിക്കുന്നു; തുടർന്ന് ആ ആവശ്യത്തെക്കുറിച്ച് ചിന്തിക്കുകയും അതിനെച്ചൊല്ലി ഭയം നിറഞ്ഞവരാകുകയും ചെയ്യുന്നു. എന്നാൽ ദൈവഹിതം നിറവേറ്റുന്നതിനുള്ള താക്കോൽ, അവിടുന്ന് നമ്മോട് എന്തെങ്കിലും ആവശ്യപ്പെടുന്നതിനുമുമ്പുതന്നെ അവിടുത്തോട് “അതെ” എന്നു പറയുന്നതാണ്. നിരന്തരമായ അനുസരണത്തിൽ ദൈവത്തിന് നമ്മെത്തന്നെ സമർപ്പിക്കുന്നത്, അവിടുത്തെ മഹത്വപൂർണ്ണമായ ഹിതത്തിന്റെ വിശദാംശങ്ങൾ അമിതമായി വിശകലനം ചെയ്യുമ്പോൾ നമ്മെ പിടികൂടാൻ ഇടയുള്ള ഭയത്തിൽനിന്ന് നമ്മെ സ്വതന്ത്രരാക്കും.
പ്രിയ കർത്താവേ, ഇന്ന് ഞാൻ അങ്ങയോട് “അതെ” എന്നു പറയുന്നു. അങ്ങ് എന്നോട് ആവശ്യപ്പെടുന്നതെന്തും ഞാൻ ചെയ്യും. അങ്ങ് എന്നെ എവിടേക്കു നയിച്ചാലും ഞാൻ പോകും. അങ്ങ് എന്തുതന്നെ ആവശ്യപ്പെട്ടാലും അങ്ങേക്ക് എന്നെത്തന്നെ പൂർണ്ണമായി സമർപ്പിക്കാനുള്ള കൃപ എനിക്കു നൽകണമേ. എന്റെ ജീവിതത്തിന്റെ മഹത്വപൂർണ്ണമായ ലക്ഷ്യം നിറവേറേണ്ടതിന് ഞാൻ എന്നെത്തന്നെ അങ്ങേക്ക് സമർപ്പിക്കുന്നു. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
നാലാം ദിവസം: ദൈവകരുണയുടെ ഞായറാഴ്ചയ്ക്കുള്ള ഒരുക്കനൊവേന
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




