ദൈവത്തിന്റെ പ്രവൃത്തികൾ വ്യാപിപ്പിക്കാൻ നിങ്ങൾ രാവും പകലും അധ്വാനിക്കുന്നുവെങ്കിൽ, അത് നല്ലതാണ്. ദൈവതിരുവിഷ്ടം നിറവേറ്റാനും അവിടുത്തെ ദൈവകരുണ പ്രചരിപ്പിക്കാനുമുള്ള നിങ്ങളുടെ സമർപ്പണത്തിൽനിന്ന് നല്ല ഫലങ്ങൾ ഉണ്ടാകും. എന്നാൽ, ലോകാവസാനംവരെ തന്റെ കരുണ പ്രചരിപ്പിക്കാൻ നമ്മെ ഉപയോഗിക്കാൻ ദൈവത്തിനു കഴിയുമെന്നും നാം തിരിച്ചറിയണം. എങ്ങനെ? ദൈവത്തിനു മാത്രമേ അറിയൂ. എന്നാൽ ഈ ലക്ഷ്യത്തിനായി നിങ്ങളെ ഉപയോഗിക്കാൻ അവിടുന്ന് തീർച്ചയായും ആഗ്രഹിക്കുന്നു. വിശുദ്ധ ഫൗസ്റ്റീനയെപ്പോലുള്ള ചിലരെ ദൈവകരുണയോടുള്ള ഭക്തിക്ക് തുടക്കം കുറിക്കാൻ അവിടുന്ന് ഉപയോഗിച്ചു; ഈശോ വീണ്ടും വരുന്നതുവരെ ആ ഭക്തി തുടരും. മറ്റുള്ളവർ, ഒരുപക്ഷേ നമ്മിൽ ഭൂരിഭാഗവും, മറ്റു പല വിധങ്ങളിൽ കരുണയുടെ നിരന്തരമായ പ്രവർത്തനത്തിൽ പങ്കുചേരാൻ വിളിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, സ്നേഹത്തിന്റെ ഒരൊറ്റ പ്രവൃത്തി മറ്റൊരാളുടെ ജീവിതത്തിൽ ഒരു നന്മ ഉളവാക്കും; അത് ആ വ്യക്തിയെ മാറ്റിമറിക്കുകയും അങ്ങനെ കരുണയുടെ നിത്യമായ ഒരു പ്രവർത്തനത്തിന് തുടക്കം കുറിക്കുകയും ചെയ്തേക്കാം. അല്ലെങ്കിൽ, പ്രത്യേക ഉത്തരവാദിത്വം ഏൽപ്പിക്കപ്പെട്ടവർക്കുവേണ്ടിയുള്ള നിങ്ങളുടെ പ്രാർഥനയെക്കുറിച്ച് ചിന്തിക്കുക—മാർപാപ്പയ്ക്കോ മെത്രാന്മാർക്കോ വൈദികർക്കോ വേണ്ടി പ്രാർഥിക്കുന്നതുപോലെ. അതുമല്ലെങ്കിൽ, ഇവിടെ ഇപ്പോൾ നിങ്ങൾ കൈവരിക്കുന്ന വിശുദ്ധി സ്വർഗത്തിൽ കൂടുതൽ മഹത്ത്വമാർജിക്കുമെന്നും, എല്ലാ കാലത്തും സഭയ്ക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കാൻ നിങ്ങളെ പ്രാപ്തരാക്കുമെന്നും ചിന്തിക്കുക. ദൈവകരുണ പ്രചരിപ്പിക്കുന്ന നിങ്ങളുടെ പ്രവർത്തനത്തിൽ ഇപ്പോൾ ഉത്സാഹമുള്ളവരായിരിക്കുക; അതോടൊപ്പം, ഈ പ്രവർത്തനം നിത്യതയിലേക്കും തുടരേണ്ടതാണെന്ന് ഓർക്കുക. ഇതിനെ നിങ്ങളുടെ ലക്ഷ്യമാക്കി ശ്രദ്ധ കേന്ദ്രീകരിക്കുക; അപ്പോൾ കാലങ്ങളിലുടനീളം സങ്കൽപ്പിക്കാനാവാത്ത വിധങ്ങളിൽ ദൈവം നിങ്ങളുടെ ഇപ്പോഴത്തെ അധ്വാനങ്ങളെ ഉപയോഗിക്കും (കാണുക ഡയറി #1256).
ദൈവം നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, നിത്യമായ ഫലങ്ങൾ ഉളവാക്കാൻ കഴിയുന്ന ഒന്നായി നിങ്ങൾ അതിനെ കാണുന്നുണ്ടോ? കാലങ്ങളിലുടനീളം സഭയെ ശക്തിപ്പെടുത്താൻ ദൈവം ആഗ്രഹിക്കുന്ന ഒരു “ചങ്ങലയിലെ കണ്ണി”യായി നിങ്ങൾ നിങ്ങളെത്തന്നെ കാണുന്നുണ്ടോ? ഈ ലക്ഷ്യത്തോട് തുറവുള്ളവരായിരിക്കുക; നിങ്ങൾക്ക് സ്വയം സങ്കൽപ്പിക്കാൻപോലും കഴിയാത്ത വിധങ്ങളിൽ നിങ്ങളെ ഉപയോഗിക്കാൻ കർത്താവിനെ അനുവദിക്കുക.
കർത്താവേ, എന്റെ ജീവിതം അങ്ങയുടേതാണ്. ഇപ്പോഴും നിത്യതയിലും അങ്ങയുടെ കരുണ പ്രചരിപ്പിക്കുന്നതിനായി ഞാൻ എന്നെത്തന്നെ അങ്ങേയ്ക്കു സമർപ്പിക്കുന്നു. പ്രിയ കർത്താവേ, അങ്ങയുടെ തിരുവിഷ്ടംപോലെ എന്നെ ഉപയോഗിക്കണമേ. നമ്മുടെ ലോകത്തിൽ അങ്ങയുടെ കരുണയുടെ സന്നദ്ധമായ ഉപകരണമായി ഞാൻ എന്നെത്തന്നെ സമർപ്പിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ





