മലയാളം

ധ്യാനചിന്ത 137: കുരിശിലെ ശക്തി

ചിത്രം: peakpx.com വഴി

വീഡിയോ

പ്രാർഥിക്കുമ്പോൾ നിങ്ങൾ എപ്പോഴെങ്കിലും ക്രൂശിതരൂപത്തിൽ ദൃഷ്ടിയുറപ്പിച്ച് ഇരിക്കാറുണ്ടോ?  പുറമേനിന്നു നോക്കുമ്പോൾ, ക്രൂശിതരൂപം മനസ്സിലാക്കാൻ പ്രയാസമുള്ള ഒരു യാഥാർഥ്യമാണ്.  ഇത്രയും ഭീകരമായ ഒരു സംഭവത്തെ നാം ഉയർത്തിപ്പിടിക്കുകയും ആദരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്?  ദൈവപുത്രന്റെ ക്രൂരമായ കൊലപാതകം ആദ്യമൊന്നും നമ്മെ ആകർഷിക്കുന്ന ഒന്നായിരിക്കണമെന്നില്ല.  എങ്കിലും, വിശ്വാസത്തോടെ അതിൽ ദൃഷ്ടിയുറപ്പിക്കുന്നവർക്ക് ക്രൂശിതരൂപത്തിൽ ഒരു ശക്തിയും ആകർഷണവുമുണ്ട്. കാരണം, അത് ഭീകരവും ക്രൂരവുമായ ഒരു കൊലപാതകം മാത്രമല്ല; സർവോപരി, പാപത്തിന്റെയും മരണത്തിന്റെയും മേലുള്ള സമ്പൂർണ വിജയമാണ്.  നമ്മുടെ കർത്താവിന്റെ കുരിശുമരണം ലോകം അറിഞ്ഞിട്ടുള്ളതിൽവച്ച് ഏറ്റവും മഹത്തായ സ്നേഹപ്രവൃത്തിയായിരുന്നു. കാരണം, സമ്പൂർണമായ ആത്മസമർപ്പണത്തോടെ അവിടുത്തിലേക്കു തിരിയുന്നവർക്കായി ആ പ്രവൃത്തിയിലൂടെ അവിടുന്ന് മരണത്തെയും പാപത്തെയും എന്നേക്കുമായി നശിപ്പിച്ചു.  നാം ജീവിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന സ്വയംദാനത്തിന്റെ അടയാളംകൂടിയാണ് ക്രൂശിതരൂപം.  മറ്റുള്ളവർക്കായി നമ്മെത്തന്നെ നൽകിക്കൊണ്ട്, ആ കുരിശിലേറാനും ക്രിസ്തുവിനോടൊപ്പം മരിക്കാനും നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു.  എന്തെന്നാൽ, അവിടുത്തോടൊപ്പം മരിക്കുമ്പോൾ നമ്മുടെ പാപങ്ങൾക്ക് പരിഹാരമാകുകയും അവിടുത്തെ ഉത്ഥാനവിജയത്തിൽ പങ്കുചേരാൻ നമുക്കു കഴിയുകയും ചെയ്യുന്നു.  നമ്മുടെ കർത്താവിന്റെ കുരിശുമരണത്തിൽ ദൃഷ്ടിയുറപ്പിക്കുന്നത് നമ്മെ രൂപാന്തരപ്പെടുത്തുന്നു; കാരണം, നിസ്വാർഥമായ ഈ സ്നേഹപ്രവൃത്തിയിലൂടെ നേടിയ കരുണയുടെ വാതിലുകൾ അത് തുറന്നുതരുന്നു (കാണുക ഡയറി #681).

ക്രൂശിതരൂപത്തിനു മുമ്പിൽ പ്രാർഥിക്കാൻ ശ്രമിക്കുക.  നിശ്ശബ്ദമായി ഇരുന്ന് അതിൽ ദൃഷ്ടിയുറപ്പിക്കാൻ ശ്രമിക്കുക.  “ദൃഷ്ടിയുറപ്പിക്കുക” എന്നത് വെറുതെ “നോക്കുക” എന്നതിലുപരിയാണ്.  ദൃഷ്ടിയുറപ്പിക്കുമ്പോൾ, നാം കാണുന്ന രൂപത്തിനപ്പുറത്തേക്കു നോക്കാനും ഈശോയെ ആ നിമിഷത്തിലേക്കു നയിച്ച സ്നേഹത്തിന്റെ ആഴങ്ങളിലേക്കു കടന്നുചെല്ലാനും ശ്രമിക്കുന്നു.  നമ്മുടെ പാപങ്ങളിൽനിന്നു നമ്മെ രക്ഷിക്കാനും പരിപൂർണമായ സ്നേഹത്തോടെ നമ്മെ സ്നേഹിക്കാനും ഏതറ്റംവരെയും പോകാൻ സന്നദ്ധനായ, അനന്തസ്നേഹത്തിന്റെ ദൈവത്തെയാണ് നാം കാണുന്നത്.

കർത്താവേ, അങ്ങയുടെ പരിപൂർണമായ സ്നേഹപ്രവൃത്തിയിൽ ദൃഷ്ടിയുറപ്പിക്കാനും, എന്റെമേലും ലോകം മുഴുവന്റെമേലും കരുണ ചൊരിയുന്ന അങ്ങയുടെ ഹൃദയത്തെ കാണാനും ഞാൻ തീർച്ചയായും ആഗ്രഹിക്കുന്നു.  അങ്ങയുടെ ബലിയെന്ന അഗാധമായ ദാനത്തെ മനസ്സിലാക്കാനും ഈ ദാനത്തെപ്രതി നിത്യമായ കൃതജ്ഞതയിൽ ജീവിക്കാനും എന്നെ സഹായിക്കണമേ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

പരിശുദ്ധാത്മാവിനോടുള്ള നൊവേന
പന്തക്കുസ്തായ്ക്കുള്ള ഒരുക്കമായി ചൊല്ലുന്നത്
മേയ് 15, വെള്ളിയാഴ്ച – മേയ് 23, ശനിയാഴ്ച

വായിച്ചറിയുക: കർത്താവിന്റെ സ്വർഗാരോഹണം

ഉയിർപ്പുകാല പ്രാർഥനകൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ