ചിത്രം: റോബർട്ട് ഷെയബ് — Pixabay
“എപ്പോഴും” പ്രാർഥിക്കുക എന്നത് അസാധ്യമായ ഒരു കാര്യമായി തോന്നിയേക്കാം. അങ്ങനെ ചെയ്യാൻ ശരിക്കും സാധിക്കുമോ? ദൈവം നമ്മിൽനിന്ന് ഇത് പ്രതീക്ഷിക്കുന്നുണ്ടോ? തീർച്ചയായും അതു സാധ്യമാണ്; അവിടുന്ന് അതു തീർച്ചയായും പ്രതീക്ഷിക്കുന്നുമുണ്ട്. എന്നാൽ, എല്ലാ ദിവസവും ദിവസം മുഴുവൻ ദൈവാലയത്തിൽ പ്രാർഥനയിൽ ചെലവഴിക്കാൻ നാം വിളിക്കപ്പെടുകയില്ല. ഏകാന്തമഠവാസത്തിലേക്കു വിളിക്കപ്പെട്ടവർപോലും അങ്ങനെ ചെയ്യുന്നില്ല. എങ്കിലും എപ്പോഴും പ്രാർഥിക്കുക എന്നത് അനിവാര്യമാണ്. നമ്മുടെ ഹൃദയങ്ങൾ എപ്പോഴും ദൈവത്തോടൊപ്പമായിരിക്കുന്നവിധം അവിടുത്തോട് അടുത്തു ജീവിക്കുന്നത് നമുക്ക് ഒരു ശീലമായിത്തീർന്നിരിക്കുന്നു എന്നാണ് അതിന്റെ ലളിതമായ അർഥം. നാം എപ്പോഴും അവിടുത്തെ സാന്നിധ്യത്തിൽ ശ്രദ്ധാലുക്കളായിരിക്കുകയും അവിടുത്തെ കൃപയുമായി സദാ ഐക്യത്തിൽ കഴിയുകയും ചെയ്യുന്നു. ദൈവത്തോടുള്ള ഈ ആന്തരികസ്നേഹം നാം വളർത്തിയെടുത്താൽ, നാം എപ്പോഴും പ്രാർഥിക്കുന്നവരായിരിക്കും (കാണുക ദിനക്കുറിപ്പ് #346).
നിങ്ങളുടെ ദിവസത്തെക്കുറിച്ച് ചിന്തിക്കുക. കൂടുതൽ സമയവും നിങ്ങളുടെ മനസ്സിലും ഹൃദയത്തിലും നിറഞ്ഞുനിൽക്കുന്നത് എന്താണ്? നമ്മുടെ കർത്താവുമായോ നിങ്ങൾക്കുവേണ്ടിയുള്ള അവിടുത്തെ പദ്ധതിയുമായോ ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളെക്കുറിച്ച് ദിവാസ്വപ്നം കണ്ടുകൊണ്ട് നിങ്ങൾ അമിതമായി സമയം ചെലവഴിക്കുന്നുണ്ടോ? പ്രാർഥന ഒരു ശീലമാക്കാൻ പരിശ്രമിക്കുക. ദിവസത്തിന്റെ പല വേളകളിലും പ്രാർഥനയിൽ പൂർണശ്രദ്ധ നൽകി, ആഴമായും പൂർണഹൃദയത്തോടെയും പ്രാർഥിക്കുക. തുടർന്ന്, നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ആ പ്രാർഥനാനിമിഷങ്ങൾ നിങ്ങളോടൊപ്പമുണ്ടായിരിക്കാനും ദിവസം മുഴുവൻ നിങ്ങളെ താങ്ങിനിർത്തി മുന്നോട്ടു നയിക്കാനും അനുവദിക്കുക.
കർത്താവേ, എങ്ങനെ പ്രാർഥിക്കണമെന്ന് അറിയാൻ എന്നെ സഹായിക്കണമേ. പ്രാർഥനയുടെ ആഴമായ ശീലം എന്നിൽ വളർത്തണമേ. അങ്ങയെ അന്വേഷിച്ചുകൊണ്ട് അങ്ങയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിമിഷങ്ങൾ എല്ലാ ദിവസവും പതിവായി മാറ്റിവയ്ക്കാൻ എന്നെ സഹായിക്കണമേ. എന്റെ മനസ്സും ഹൃദയവും എപ്പോഴും അങ്ങയുമായി ഐക്യത്തിലായിരിക്കേണ്ടതിന്, ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലേക്കും ആ നിമിഷങ്ങളെ കൊണ്ടുവരാൻ എന്നെ സഹായിക്കണമേ. എന്റെ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; അങ്ങയെ കൂടുതൽ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
മുപ്പതാം ദിവസം ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ
നോമ്പുകാലത്തേക്കുള്ള വിശുദ്ധഗ്രന്ഥധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




