ക്രൈസ്തവ രക്തസാക്ഷികളുടെ അവസാന പ്രാർഥന, ജീൻ-ലിയോൺ ജെറോം വരച്ചത്
വീഡിയോ
എല്ലാം നന്നായിരിക്കുമ്പോൾ ദൈവത്തെ “സ്നേഹിക്കുക” എളുപ്പമാണ്. എന്നാൽ എല്ലാം നന്നായിരിക്കുമ്പോൾ, നമ്മുടെ സ്നേഹം പരീക്ഷിക്കപ്പെടുന്നില്ല. മനുഷ്യസഹനത്തിലൂടെ വരുന്ന പരീക്ഷണം ദൈവത്തോടുള്ള നമ്മുടെ സ്നേഹം വ്യക്തമാക്കുന്നു. ഇത് നമ്മുടെ ആത്മീയജീവിതത്തിന് ഏറെ ഫലദായകമാകാം. ജീവിതത്തിലെ ബുദ്ധിമുട്ടുകൾ ദുഃഖകരവും ദൗർഭാഗ്യകരവുമായ ഭാരങ്ങൾ മാത്രമാണെന്നും എന്തു വിലകൊടുത്തും അവ ഒഴിവാക്കണമെന്നുമൊക്കെ വിശ്വസിക്കാൻ എളുപ്പമാണ്. മനഃപൂർവം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത് വിഡ്ഢിത്തമാണെങ്കിലും, ഈ ജീവിതത്തിൽ നമുക്കോരോരുത്തർക്കും അവയിൽ നമ്മുടെ പങ്കുണ്ടാകും. അതിനാൽ, ജീവിതത്തിലെ ഓരോ ബുദ്ധിമുട്ടിനെയും സഹനത്തെയും ദൈവത്തിലുള്ള നിങ്ങളുടെ ആശ്രയം വർധിപ്പിക്കാനും അതിലൂടെ അവിടുത്തോടുള്ള നിങ്ങളുടെ സ്നേഹം വർധിപ്പിക്കാനുമുള്ള അവസരമായി ആശ്ലേഷിക്കണം. ഈ ജീവിതത്തിൽ ഏറെ സഹിക്കുമ്പോഴും ഉടനീളം ദൈവത്തെ സ്നേഹിക്കാൻ തീരുമാനിക്കുകയും അങ്ങനെ ആ സഹനത്തെ തന്റെ വിശുദ്ധിയിലെ വളർച്ചയുടെ ഉറവിടമാക്കുകയും ചെയ്യുന്ന ആത്മാവ് എത്ര അനുഗൃഹീതമാണ്! (കാണുക ഡയറി #1014).
ഓരോ ദിവസവും നിങ്ങൾ എന്തിനെക്കുറിച്ചാണ് പരാതിപ്പെടുന്നത്? എന്താണ് നിങ്ങൾക്ക് ഭാരമായിരിക്കുന്നത്? പലപ്പോഴും നാം ഈ ഭാരങ്ങളിൽനിന്ന് ഓടിയകലുകയോ കോപിക്കുകയോ ചെയ്യുന്നു. നിങ്ങളുടെ ക്ലേശങ്ങളെ പുതിയൊരു വെളിച്ചത്തിൽ കാണാൻ ശ്രമിക്കുക. നിങ്ങളുടെ ആശ്രയവും സ്നേഹവും കൂടുതൽ ആഴപ്പെടുത്താനുള്ള അവസരങ്ങളായി അവയെ കാണാൻ ശ്രമിക്കുക. ജീവിതത്തിലെ ഓരോ സഹനവും ഓരോ ഭാരവും കുരിശിന്റെ ആത്മീയശക്തിയാൽ നിറയാനുള്ള സാധ്യതയുള്ളവയാണ്. അവയെ സ്നേഹത്തോടെ ആശ്ലേഷിക്കുമ്പോൾ നാം കുരിശിനെ ആശ്ലേഷിക്കുന്നു. കുരിശിനെ ആശ്ലേഷിക്കുന്നതിലൂടെ നാം ദൈവത്തെ കൂടുതൽ സ്നേഹിക്കുന്നു. കഷ്ടതകൾ നിങ്ങളുടെ ജീവിതത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നുവെന്ന് കരുതരുത്. കൃപയാൽ അവ എന്തായിത്തീരുന്നുവെന്ന് തിരിച്ചറിയുക. അവ വിശുദ്ധിയിൽ വളരാനും ദൈവകരുണ കൂടുതൽ സമൃദ്ധമായി സ്വീകരിക്കാനുമുള്ള അവസരങ്ങളാണ്.
കർത്താവേ, ഞാൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നിമിത്തം ജീവിതത്തിൽ മനസ്സു തളരുകയോ കോപിക്കുകയോ നിരാശപ്പെടുകയോ ചെയ്യുമ്പോൾ, ആ ക്ലേശത്തെ അങ്ങയിൽ കൂടുതൽ ആശ്രയിക്കാനുള്ള അവസരമാക്കാൻ എന്നെ സഹായിക്കണമേ. കർത്താവേ, എല്ലാറ്റിലും അങ്ങയെപ്പോലെ ആയിത്തീരാൻ, കുരിശിലേക്ക് ഓടിയണയാനും അങ്ങയുടെ കുരിശിൽനിന്ന് ഒഴുകിയ സ്നേഹം സ്വീകരിക്കാനും ഞാൻ ആഗ്രഹിക്കുന്നു. പ്രിയ കർത്താവേ, വിശേഷിച്ച് ഞാൻ അങ്ങേക്കു സമർപ്പിക്കുന്ന ജീവിതത്തിലെ ഓരോ സഹനത്തിലൂടെയും എന്റെ സ്നേഹം വർധിപ്പിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ജൂലൈ 11 – മഠാധിപതിയായ വിശുദ്ധ ബെനഡിക്ടിന്റെ അനുസ്മരണം
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




