പ്രാർഥനയിൽ മുഴുകിയ വിശുദ്ധ പത്രോസ് — ചിത്രകാരൻ: മത്തിയാസ് സ്റ്റോം
മറ്റൊരാൾക്ക് യഥാർഥത്തിൽ എന്താണ് ആവശ്യമെന്ന് ദൈവത്തിനു മാത്രമേ അറിയൂ. ദൈവം ഈ പ്രത്യേക കൃപ നമുക്കു നൽകിയാലല്ലാതെ മറ്റൊരാളുടെ ആത്മാവിനെ വായിച്ചറിയാൻ നമുക്കു കഴിയില്ല. എന്നാൽ മറ്റുള്ളവർക്കുവേണ്ടി തീക്ഷ്ണമായി പ്രാർഥിക്കാൻ നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു. ചിലപ്പോൾ, നാം മനസ്സു തുറന്നിരിക്കുന്നുവെങ്കിൽ, മറ്റൊരാൾക്കുവേണ്ടി തീക്ഷ്ണമായി പ്രാർഥിക്കേണ്ടതിന്റെ ആവശ്യം ദൈവം നമ്മുടെ ഹൃദയത്തിൽ ഉണർത്തും. മറ്റൊരാൾക്കുവേണ്ടി പ്രത്യേക പ്രാർഥനകളിൽ മുഴുകാൻ നമുക്കു വിളി അനുഭവപ്പെടുന്നുവെങ്കിൽ, ആ വ്യക്തിക്ക് അത്യന്തം ആവശ്യമായ, വിശുദ്ധവും ഹൃദയംഗമവുമായ ഒരു സംഭാഷണത്തിനുള്ള വാതിൽ ദൈവം പെട്ടെന്നു തുറക്കുന്നതു കണ്ട് നാം അത്ഭുതപ്പെട്ടേക്കാം (കാണുക: ഡയറി #396).
ദൈവം ഏതെങ്കിലും ഒരു വ്യക്തിയെ നിങ്ങളുടെ ഹൃദയത്തിൽ ഓർമിപ്പിക്കുന്നുണ്ടോ? പലപ്പോഴും നിങ്ങളുടെ മനസ്സിലേക്കു വരുന്ന ഒരു പ്രത്യേക വ്യക്തിയുണ്ടോ? അങ്ങനെയെങ്കിൽ, ആ വ്യക്തിക്കുവേണ്ടി പ്രാർഥിക്കുക. ദൈവത്തിന്റെ തിരുഹിതമാണെങ്കിൽ, ആ വ്യക്തിക്കു തുണയാകാൻ നിങ്ങൾ സന്നദ്ധരും ഒരുക്കമുള്ളവരുമാണെന്ന് ദൈവത്തോടു പറയുക. പിന്നെ കാത്തിരിക്കുകയും വീണ്ടും പ്രാർഥിക്കുകയും ചെയ്യുക. ദൈവം അങ്ങനെ ആഗ്രഹിക്കുന്നുവെങ്കിൽ, ഉചിതമായ സമയത്തും സ്ഥലത്തും ആ വ്യക്തിയെ സ്വീകരിക്കാനുള്ള നിങ്ങളുടെ സന്നദ്ധത നിത്യതയോളം നിലനിൽക്കുന്ന ഒരു മാറ്റത്തിനു കാരണമായേക്കാമെന്ന് നിങ്ങൾ കണ്ടെത്തും.
കർത്താവേ, തീക്ഷ്ണമായി പ്രാർഥിക്കുന്ന ഒരു ഹൃദയം എനിക്കു നൽകണമേ. അങ്ങ് എന്റെ ജീവിതപാതയിൽ കൊണ്ടുവരുന്നവരെ തുറന്ന മനസ്സോടെ സ്വീകരിക്കാൻ എന്നെ സഹായിക്കണമേ. ആവശ്യത്തിലായിരിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുമ്പോൾ, അങ്ങയുടെ തിരുഹിതപ്രകാരം ഉപയോഗിക്കാനായി ഞാൻ എന്നെത്തന്നെ അങ്ങേക്കു സമർപ്പിക്കുന്നു. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
മുപ്പത്തിയേഴാം ദിവസം ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ
ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




